Football in Malayalam

ചെൽസിക്കെതിരെ കളിക്കാൻ ഇറങ്ങുന്നതിന് മുൻപേ യുവന്റസിന് തിരിച്ചടി; ഡിബാലയും മൊറാത്തയും കളിക്കാനുണ്ടാവില്ല

By Gokul Manthara
Juventus v UC Sampdoria - Serie A
Juventus v UC Sampdoria - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

സാംപ്ഡോറിയക്കെതിരെ നടന്ന സീരി എ മത്സരത്തിനിടെ പരിക്കേറ്റ യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം പൗളോ ഡിബാലക്ക് വ്യാഴാഴ്ച പുലർച്ചെ ചെൽസിക്കെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാകും. സാംപ്ഡോറിയക്കെതിരെ പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട ഡിബാലക്ക് ടീമിന്റെ അടുത്ത രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്ന് മത്സരശേഷം യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലഗ്രി സ്ഥിരീകരിക്കുകയായിരുന്നു.


ഇതേ മത്സരത്തിനിടെ പ്രഹരമേറ്റ ടീമിന്റെ സ്പാനിഷ് സൂപ്പർ താരം അൽവാരോ മൊറാത്തയും ചെൽസിക്കെതിരെ കളിക്കാനുണ്ടാകില്ലെന്ന് സ്കൈ ഇറ്റാലിയയോട് സംസാരിക്കവെ അല്ലഗ്രി വ്യക്തമാക്കി. ഇംഗ്ലീഷ് വമ്പന്മാർക്കെതിരായ പോരാട്ടത്തിന് മുൻപ് യുവന്റസിന് കനത്ത തിരിച്ചടി നൽകുന്ന വാർത്തയാണിത്.

ഞായറാഴ്ച സാംപ്ഡോറിയെക്കെതിരെ നടന്ന‌ സീരി എ പോരാട്ടത്തിന്റെ ഇരുപതാം മിനുറ്റിലായിരുന്നു ഡിബാലക്ക് പരിക്കേറ്റത്. പത്താം മിനുറ്റിൽ യുവന്റസിനായി വല കുലുക്കിയ ഡിബാല ഇടത് തുടക്ക് പരിക്കേറ്റതിന് പിന്നാലെ കണ്ണീരോടെ മൈതാനം വിടുകയായിരുന്നു. താരത്തിന്റെ പരിക്ക് നിസാരമല്ലെന്ന് ആദ്യ കാഴ്ചയിൽത്തന്നെ വ്യക്തമായിരുന്നെങ്കിലും മത്സരശേഷം സംസാരിക്കവെ പരിശീലകൻ അല്ലഗ്രി ഇക്കാര്യത്തിൽ വ്യക്തമായ അപ്ഡേറ്റ് പുറത്ത് വിടുകയായിരുന്നു‌.

ഡിബാലക്ക് യുവന്റസിന്റെ അടുത്ത രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്ന് സ്ഥിരീകരിച്ചതിനൊപ്പം, സാംപ്ഡോറപ്ഡോറിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മൊറാത്തക്കും അത്ര തന്നെ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരുമെന്ന് അല്ലഗ്രി കൂട്ടിച്ചേർത്തു. സെപ്റ്റംബർ 30 ന് ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും, ഒക്ടോബർ 2 ന് ടോറിനോക്കെതിരായ സീരി എ മത്സരവുമാണ് ഇനി യുവന്റസിന് കളിക്കാനുള്ളത്. ഈ 2 മത്സരങ്ങളിലും ഡിബാല-മൊറാത്ത ദ്വയമില്ലാതെയാകും യുവന്റസ് ഇറങ്ങുക. ടീമിന്റെ മുന്നേറ്റത്തെ ഇത് ദുർബലപ്പെടുത്തുമെന്നതിൽ യാതൊരു സംശയവുമില്ല.


facebooktwitterreddit