Juventus News

"ഇന്റർ മിലാനിലെ ആരോ തന്നെ ചവുട്ടി"- കോപ്പ ഇറ്റാലിയ ഫൈനലിനു ശേഷം പരാതിയുമായി അല്ലെഗ്രി

Sreejith N
Allegri Says Someone From Inter Kicked Him After Copa Italia Final
Allegri Says Someone From Inter Kicked Him After Copa Italia Final / Silvia Lore/GettyImages
facebooktwitterreddit

ഇന്റർ മിലാനും യുവന്റസും തമ്മിൽ നടന്ന കോപ്പ ഇറ്റാലിയ ഫൈനലിനു ശേഷം തനിക്കു നേരെ അക്രമം ഉണ്ടായെന്ന പരാതിയുമായി യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി. ഇന്റർ മിലാനിലെ ആരോ തന്നെ മത്സരത്തിനു ശേഷം തനിക്കു നേരെ വന്നു ചവുട്ടിയെന്ന ഗുരുതരമായ ആരോപണമാണ് അല്ലെഗ്രി ഉന്നയിച്ചത്.

സ്റ്റേഡിയോ ഒളിമ്പിക്കോയിൽ വെച്ചു നടന്ന ഫൈനൽ എക്‌സ്ട്രാ ടൈം വരെ നീണ്ടു പോയപ്പോൾ യുവന്റസിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ഇന്റർ മിലാൻ കോപ്പ ഇറ്റാലിയ കിരീടം സ്വന്തമാക്കിയിരുന്നു. 2011നു ശേഷം ആദ്യമായാണ് ഇന്റർ കോപ്പ ഇറ്റാലിയ കിരീടം ഉയർത്തുന്നത്. ഇതിനു ശേഷമുണ്ടായ വാക്കേറ്റത്തിൽ അല്ലെഗ്രിക്ക് ചുവപ്പുകാർഡ് ലഭിക്കുകയും ചെയ്‌തു.

"ഇന്ററിൽ നിന്നുള്ള ആരോ എന്റെ അടുത്തേക്കു വന്ന് എന്നെ ചവിട്ടി. എനിക്ക് ദേഷ്യം വരികയും റഫറി എന്നെ പുറത്താക്കാൻ ശരിയായ തീരുമാനം എടുക്കുകയും ചെയ്‌തു." തനിക്ക് ലഭിച്ച ചുവപ്പുകാർഡിനെ കുറിച്ചും പതിനായിരം യൂറോ പിഴയെക്കുറിച്ചും സ്പോർട്ട് മീഡിയാസെറ്റിനോട് സംസാരിക്കുമ്പോൾ അല്ലെഗ്രി പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഇന്റർ വിജയിച്ചതിൽ അഭിനന്ദിക്കുക മാത്രമേ ചെയ്യാനുള്ളൂ. ഈ സീസണിൽ ഞങ്ങൾക്കൊരു കിരീടം പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. അതിന്റെ രോഷം അടുത്ത സീസണിൽ കാണിക്കണം, വിജയങ്ങൾ നേടുന്നതിലേക്ക് തിരിച്ചു വരണം." അല്ലെഗ്രി പറഞ്ഞു.

പിർലോക്ക്‌ പകരക്കാരനായി യുവന്റസിലേക്ക് രണ്ടാം വരവ് നടത്തിയ അല്ലെഗ്രിയുടെ കീഴിൽ ഈ സീസണിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയാതിരുന്ന യുവന്റസ് ചാമ്പ്യൻസ് ലീഗിൽ അവസാന പതിനാറു വരെ മാത്രമേ എത്തിയുള്ളൂ. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മിലാനുമായി പതിനൊന്നു പോയിന്റ് പിന്നിൽ നാലാം സ്ഥാനത്താണ് യുവന്റസ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit