റൊണാൾഡോ യുവന്റസ് വിട്ടതിനു പിന്നാലെ തോൽവി, പ്രതികരണവുമായി അല്ലെഗ്രി


ടീം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ചിന്തിച്ചിരിക്കാൻ യുവന്റസിനു കഴിയില്ലെന്ന് പരിശീലകനായ മാസിമിലിയാനോ അല്ലെഗ്രി. യുവന്റസ് വിട്ട് മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ എത്തിയതിനു ശേഷം നടന്ന സീരി എ മത്സരത്തിൽ എംപോളിയോടു തോറ്റതിനു ശേഷം മാധ്യമങ്ങളോട് താരത്തിന്റെ അഭാവത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അല്ലെഗ്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ മൂന്നു സീസണുകളിൽ യുവന്റസ് ജേഴ്സിയണിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ ഓരോ സീസണിലും ടീമിന്റെ ടോപ് സ്കോറർ കൂടിയായിരുന്നു. എന്നാൽ യുവന്റസിനൊപ്പം കഴിഞ്ഞ സീസണിലെ സീരി എ നേടാൻ പരാജയപ്പെട്ടതും ചാമ്പ്യൻസ് ലീഗിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയാതെ വന്നതോടെയുമാണ് റൊണാൾഡോ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാൻ തീരുമാനമെടുത്തത്.
Allegri addresses Ronaldo exit after Juventus suffer shock defeat to Empoli https://t.co/xBsXymES1z pic.twitter.com/VcDFKh7uWR
— Goal Africa (@GoalAfrica) August 29, 2021
"ക്രിസ്റ്റ്യാനോ മൂന്നു വർഷങ്ങൾ യുവന്റസിനൊപ്പം ഉണ്ടായിരുന്നു, താരം നിരവധി ഗോളുകൾ നേടി, അതിലദ്ദേഹം വളരെ മികച്ചതായിരുന്നു. അസാധാരണ കഴിവുള്ള താരമാണ് റൊണാൾഡോ. എന്നാൽ ഇനി മുതൽ റൊണാൾഡോയെക്കുറിച്ച് ചിന്തിച്ചിരിക്കാൻ ഞങ്ങൾക്കു കഴിയില്ല." ഡിഎസെഡ്എന്നിനോട് അല്ലെഗ്രി പറഞ്ഞു.
"മികച്ചൊരു സ്ക്വാഡ് എനിക്കുണ്ട്. എല്ലാ മത്സരങ്ങളിലും ആധിപത്യം പുലർത്താൻ ഞങ്ങൾക്കു കഴിയില്ലെന്ന് വളരെ ലളിതമായി മനസിലാക്കണം. ഒരുമിച്ചു മുന്നോട്ടു വന്ന് ഭാവിയിലേക്കു വേണ്ടി സഹായിക്കുകയാണു വേണ്ടത്. ഞാൻ വളരെ ശുഭപ്രതീക്ഷയിലാണുള്ളത്." അല്ലെഗ്രി വ്യകതമാക്കി.
എംപോളിക്കെതിരായ മത്സരത്തിൽ യുവന്റസ് മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ഒരു ഗോൾ വഴങ്ങിയതോടെ ടീമിന് സൂക്ഷ്മത നഷ്ടപ്പെട്ടുവെന്ന് അല്ലെഗ്രി പറഞ്ഞു. എല്ലാ മത്സരങ്ങളിലും ലീഡ് നേടാനും മത്സരം പൂർണമായും നിയന്ത്രിക്കാനും കഴിയില്ലെന്നു മനസിലാക്കി ക്ഷമയോടെ അതിനെ മറികടക്കാനാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സീരി എയിൽ രണ്ടു മത്സരങ്ങൾ പൂർത്തിയാക്കിയ യുവന്റസ് രണ്ടിലും വിജയം നേടിയിട്ടില്ല. യുഡിനസിനെതിരായ ആദ്യത്തെ മത്സരത്തിൽ രണ്ടു ഗോളിനു മുന്നിട്ടു നിന്നതിനു ശേഷം സമനില വഴങ്ങിയ ടീം എംപോളിക്കെതിരെ ഇരുപത്തിയൊന്നാം മിനുട്ടിൽ വഴങ്ങിയ ഗോളിലാണ് പരാജയം ഏറ്റുവാങ്ങിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.