എസ്റ്റോണിയക്കെതിരെ മെസി നിറഞ്ഞാടിയ മത്സരത്തിൽ പിറന്ന ഗോളുകൾ കാണാം

Messi All Five Goals Against Estonia
Messi All Five Goals Against Estonia / Juan Manuel Serrano Arce/GettyImages
facebooktwitterreddit

പിഎസ്‌ജിക്കൊപ്പമുള്ള ആദ്യ സീസണിൽ തന്റെ പ്രതിഭയെ നീതീകരിക്കുന്ന പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതിനെ തുടർന്ന് മെസിയുടെ കാലം കഴിഞ്ഞു തുടങ്ങുകയാണെന്ന വിലയിരുത്തലുകൾ നടത്തിയവർക്ക് അർജന്റീനക്കൊപ്പമുള്ള മത്സരങ്ങളിലൂടെ മറുപടി നൽകുകയാണ് താരം. ഇറ്റലിക്കെതിരെ നടന്ന ഫിനാലിസിമ പോരാട്ടത്തിൽ രണ്ട് അസിസ്റ്റുകൾ നൽകിയ മെസി അതിനു ശേഷം ഇന്നലെ എസ്റ്റോണിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ടീമിന്റെ അഞ്ചു ഗോളുകളും നേടുകയുണ്ടായി.

അഞ്ചു ഗോളുകൾ നേടി എന്നതിലുപരിയായി ഇറ്റലിക്കെതിരെ കാഴ്‌ച വെച്ചതു പോലെ കളിക്കളത്തിൽ മുഴുവനും തന്റെ സാന്നിധ്യമറിയിക്കാനും മികച്ച വ്യക്തിഗത നീക്കങ്ങളും പാസുകളും കൊണ്ട് കളിയെ നിയന്ത്രിക്കാനും മെസിക്ക് കഴിഞ്ഞിരുന്നു. അഞ്ചു ഗോളുകൾ നേടിയതോടെ ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ നേടിയ നാലാമത്തെ താരമെന്ന ഫ്രാങ്ക് പുഷ്‌കാസിന്റെ റെക്കോർഡ് 86 ഗോളുകൾ സ്വന്തം പേരിലുള്ള മെസി മറികടക്കുകയും ചെയ്‌തു.

എട്ടാം മിനുട്ടിലാണ് മെസിയുടെ ആദ്യത്തെ ഗോൾ പിറന്നത്. പ്രതിരോധതാരമായ ജെർമൻ പെസല്ലയെ എസ്റ്റോണിയ പ്രതിരോധതാരം ഇഗോനെൻ പെനാൽറ്റി ബോക്‌സിൽ വീഴ്ത്തിയപ്പോൾ റഫറി യാതൊരു സംശയവും കൂടാതെ സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത മെസി ഒരു പിഴവും കൂടാതെ അതു വലയിലെത്തിക്കുകയും ചെയ്‌തു.

അതിനു ശേഷം നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മെസിയുടെ രണ്ടാമത്തെ ഗോൾ പിറന്നത്. പപ്പു ഗോമസ് ബോക്‌സിലേക്ക് വെച്ചു നീട്ടിയ പന്ത് ഗോൾകീപ്പറുടെ തലക്കു മുകളിലൂടെയുള്ള ഷോട്ടിലൂടെയാണ് മെസി വലയിലെത്തിച്ചത്.

രണ്ടാം പകുതിയാരംഭിച്ച് രണ്ടു മിനുട്ട് കഴിഞ്ഞപ്പോഴേക്കും മെസിയുടെ ഹാട്രിക്ക് ഗോൾ പിറന്നു. ഫുൾ ബാക്കായ നാഹ്വൽ മോളിന ബോക്‌സിന്റെ മധ്യത്തിലേക്ക് നൽകിയ മനോഹരമായ ക്രോസ് ഒന്നു തട്ടിയിടുകയേ താരത്തിന് വേണ്ടി വന്നുള്ളൂ.

എഴുപത്തിമൂന്നാം മിനുട്ടിലാണ് മെസി നാലാമത്തെ ഗോൾ നേടുന്നത്. ഗോമസ് ഫൗൾ ചെയ്യപ്പെട്ടതിന്റെ ആശയക്കുഴപ്പത്തിൽ എസ്റ്റോണിയ താരങ്ങൾ നിന്നപ്പോൾ പന്തു ലഭിച്ച മെസി ബോക്‌സിലേക്ക് കുതിച്ചെത്തി, ഒരൊറ്റ ടേൺ കൊണ്ട് രണ്ടു എസ്റ്റോണിയ പ്രതിരോധതാരങ്ങളെയും ഗോൾകീപ്പറെയും കബളിപ്പിച്ചാണ് ഗോൾ കുറിച്ചത്.

മൂന്നു മിനിറ്റിനകം തന്നെ മെസിയുടെ അഞ്ചാമത്തെ ഗോളും വന്നു. ബോക്‌സിലേക്ക് മെസി നൽകിയ മികച്ചൊരു പാസിനു ശേഷം മൂന്നു ഷോട്ടുകൾ വിവിധ അർജന്റീന താരങ്ങൾ തൊടുത്തെങ്കിലും അതെല്ലാം എസ്റ്റോണിയ ഗോൾകീപ്പറും പ്രതിരോധതാരങ്ങളും തടഞ്ഞിട്ടു. അതിനിടയിൽ ബോക്‌സിലേക്കെത്തിയ മെസി പന്ത് റാഞ്ചി ആദ്യത്തെ ഷോട്ടിൽ തന്നെ വല കുലുക്കുകയായിരുന്നു.

പിഎസ്‌ജിക്കൊപ്പം മെസി ഈ സീസണിൽ നടത്തിയ പ്രകടനം ആരാധകരിൽ പലർക്കും ആശങ്കകൾ സൃഷ്‌ടിച്ചെങ്കിലും അർജന്റീന ടീമിനൊപ്പം മറ്റൊരു മെസിയെയാണ് കാണാൻ കഴിയുന്നതെന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങൾ തെളിയിക്കുന്നു. തനിക്ക് പൂർണമായ സ്വാതന്ത്ര്യം മൈതാനത്ത് ലഭിച്ചാൽ ഏറ്റവും മനോഹരമായത് മൈതാനത്ത് സൃഷ്ടിക്കപ്പെടുമെന്നും മെസി കാണിച്ചു തന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.