Football in Malayalam

അപ്രതീക്ഷിത ഗോളിലൂടെ ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി അലിസൺ ബെക്കർ

Gokul Manthara
West Bromwich Albion v Liverpool - Premier League
West Bromwich Albion v Liverpool - Premier League / Laurence Griffiths/Getty Images
facebooktwitterreddit

വെസ്റ്റ്ബ്രോമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ തകർപ്പൻ ഗോൾ നേടി ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കർ. മത്സരം 1-1 എന്ന സ്കോറിൽ സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ചിരുന്നപ്പോളായിരുന്നു അലിസൻ അപ്രതീക്ഷിത ഹെഡർ ഗോളിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഈ വിജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾ സജീവമാക്കി നിർത്താനും ലിവർപൂളിനായി.

വെസ്റ്റ്ബ്രോമിനെതിരായ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു അലിസന്റെ ഉജ്ജ്വല ഗോൾ പിറന്നത്. ഇതോടെ ചരിത്രത്തിലാദ്യമായി ലിവർപൂളിന് വേണ്ടി സ്കോർ ചെയ്യുന്ന ഗോൾകീപ്പറായി അലിസൺ മാറി. പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആറാം ഗോൾകീപ്പറെന്ന നേട്ടവും, ലീഗിൽ ഹെഡറിലൂടെ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറെന്ന നേട്ടവും ഇതിനൊപ്പം അലിസൺ സ്വന്തമാക്കി.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായിരുന്ന പീറ്റർ ഷ്മൈക്കലാണ് പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പർ. 2001ൽ എവർട്ടണെതിരായ മത്സരത്തിലായിരുന്നു ഇത്‌‌. ഇതിന് ശേഷം ബ്രാഡ് ഫ്രീഡൽ, പോൾ റോബിൻസൺ, ടിം ഹൊവാർഡ്, അസ്മിർ ബെഗോവിച്ച് തുടങ്ങിയ ഗോൾകീപ്പർമാരും പ്രീമിയർ ലീഗിൽ വലകുലുക്കിയിട്ടുണ്ട്.

അതേ സമയം അലിസൺ അപ്രതീക്ഷിത ഗോളുമായി ചരിത്രമെഴുതിയ മത്സരത്തിൽ ലിവർപൂൾ 2-1ന് വെസ്റ്റ്ബ്രോംവിച്ച് ആൽബിയണിനെ മറികടന്നു‌. അലിസണ് പുറമേ മൊഹമ്മദ് സലയാണ് ലിവർപൂളിനായി വല കുലുക്കിയത്. ഹൽ റോബ്സൺ-കനു വെസ്റ്റ്ബ്രോമിനായി സ്കോർ ചെയ്തു. വിജയത്തോടെ 36 മത്സരങ്ങളിൽ 63 പോയിന്റായ ലിവർപൂൾ, പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ അഞ്ചാമതാണ്. അവസാന 2 മത്സരങ്ങളിൽ വിജയിക്കുകയും, ചില മത്സര ഫലങ്ങൾ അനുകൂലമാവുകയും ചെയ്താൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാകുമെന്ന നിലയിലാണ് ഇപ്പോൾ ലിവർപൂൾ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit