മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ നിന്നും രണ്ടു ലിവർപൂൾ താരങ്ങൾ പുറത്ത്


പരിക്കു മൂലം രണ്ടു ലിവർപൂൾ താരങ്ങൾക്ക് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കുന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരം നഷ്ടമാകുമെന്ന് പരിശീലകൻ യർഗൻ ക്ലോപ്പ് സ്ഥിരീകരിച്ചു. ഗോൾകീപ്പറായ അലിസൺ ബെക്കർ, മുന്നേറ്റനിര താരം ഡിയാഗോ ജോട്ട എന്നിവർക്കാണ് സീസണിലെ ആദ്യത്തെ പ്രധാന മത്സരം നഷ്ടമാവുക.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന പ്രീ സീസൺ മത്സരത്തിനു ശേഷം പരിക്കു മൂലം പിന്നീടൊരു മത്സരത്തിലും അലിസൺ ബെക്കർ കളിച്ചിട്ടില്ല. താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചു എങ്കിലും മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഇറങ്ങാൻ കഴിയില്ലെന്നാണ് ക്ളോപ്പ് സ്ഥിരീകരിച്ചത്. അഡ്രിയാനാവും അലിസണു പകരം മത്സരത്തിൽ ഇറങ്ങുക.
അതേസമയം ഇപ്പോഴും പരിക്കിന്റെ പിടിയിലുള്ള ഡിയാഗോ ജോട്ട എന്നാണു ടീമിനൊപ്പം ചേരുകയെന്ന് ഇതുവരെയും തീരുമാനമായിട്ടില്ല. പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ നടക്കുന്ന ആദ്യത്ത മത്സരത്തിലും താരം ഉണ്ടാകില്ലെന്നാണ് സൂചനകൾ. അതേസമയം അലിസൺ ആദ്യത്തെ പ്രീമിയർ ലീഗ് മത്സരത്തിൽ കളിച്ചേക്കും.
പുതിയ സീസൺ കിരീടനേട്ടത്തോടെ ആരംഭിക്കാൻ രണ്ടു ക്ലബുകൾക്കുമുള്ള അവസരമാണ് കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടം. പുതിയ സൈനിംഗുകൾ നടത്തി രണ്ടു ടീമുകളും കൂടുതൽ കരുത്തു നേടിയാണ് സീസണിലെ ആദ്യത്തെ മത്സരത്തിന് ഇറങ്ങാൻ തയ്യാറെടുക്കുന്നത്.