പിഎസ്ജിയിൽ മെസിയുടെ പ്രധാന പ്രശ്നമെന്തെന്നും അർജന്റീന ടീമിനെക്കുറിച്ചും മുൻ ദേശീയ ടീം പരിശീലകൻ ആൽഫിയോ ബാസിൽ


മെസിക്ക് അർജന്റീന ദേശീയ ടീമിനൊപ്പം ലഭിക്കുന്ന സ്വാതന്ത്ര്യം പിഎസ്ജിയിൽ ലഭിക്കാത്തതാണ് താരം നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് മുൻ അർജന്റീന ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ആൽഫിയോ ബാസിൽ. അർജന്റീന ദേശീയ ടീമിന്റെ പ്രകടനത്തെക്കുറിച്ചും പരിശീലകനായ ലയണൽ സ്കലോണിയെപ്പറ്റിയും അദ്ദേഹം സംസാരിക്കുകയുണ്ടായി.
സ്കലോണിക്ക് മുൻപ് അർജന്റീനക്ക് അവസാന ഇന്റർനാഷണൽ കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ബാസിൽ. 1991, 93 വർഷങ്ങളിലെ കോപ്പ അമേരിക്ക, 1992ലെ കോൺഫെഡറേഷൻ കപ്പ് എന്നിവയെല്ലാം അദ്ദേഹത്തിനു കീഴിൽ അർജന്റീന നേടിയിട്ടുണ്ട്. മെസി, മറഡോണ എന്നിവരെ പരിശീലിപ്പിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ഒരേയൊരു പരിശീലകൻ കൂടിയാണ് അദ്ദേഹം.
Former Argentina coach Alfio Basile comments on team, Lionel Messi, Lionel Scaloni. https://t.co/YRIZfh7QgU
— Roy Nemer (@RoyNemer) October 20, 2021
"അർജന്റീനയിൽ എല്ലായിടത്തും കളിക്കുന്ന ലയണൽ മെസി പിഎസ്ജിയിൽ വലതുവശത്തു മാത്രം കളിക്കേണ്ടി വരുന്നതാണ് അദ്ദേഹം അവിടെ നേരിടുന്ന പ്രശ്നം. അർജന്റീനയിൽ അദ്ദേഹം എല്ലാവരെയും കളിപ്പിക്കുകയും അവരിലേക്കെത്തുകയും ചെയ്യും. പിഎസ്ജിയുടെ പ്രതിരോധം വളരെ ദുർബലവും താറുമാറായതും ആണ്." സ്പോർട്സ് മിട്രെയോട് സംസാരിക്കുമ്പോൾ ബാസിൽ പറഞ്ഞു.
"തീർച്ചയായും പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗിൽ തോൽക്കാൻ കഴിയില്ല. കാരണം അവർക്ക് മെസിയും എംബാപ്പയുമുള്ളപ്പോൾ മറ്റു ക്ലബുകൾക്ക് സാധാരണ കളിക്കാർ മാത്രമാണുള്ളത്. മെസി എല്ലായിപ്പോഴും ഒരു പ്രതിഭാസമാണ്, അതിപ്പോൾ മാത്രമല്ല." അദ്ദേഹം പറഞ്ഞു.
അർജന്റീന ദേശീയ ടീമിന്റെ ഇപ്പോഴത്തെ പ്രകടനം മികച്ചു നിൽക്കുന്നുണ്ടെങ്കിലും ലോകകപ്പിൽ യൂറോപ്പിലെ മികച്ച ടീമുകളെ നേരിടാനുള്ളതിനാൽ ശാന്തരായി തുടരണമെന്ന് ബേസിൽ പറഞ്ഞു. സ്കലോണിയെ താൻ പരിശീലിപ്പിച്ചിട്ടില്ല എങ്കിലും അദ്ദേഹത്തിന് കീഴിൽ ടീം കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മുൻ പരിശീലകൻ കൂട്ടിച്ചേർത്തു.