ഹാലൻഡിനെ അടുത്ത സമ്മറിൽ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരക്കാരനെ കണ്ടെത്തി ബാഴ്സലോണ


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു സ്ട്രൈക്കറെ ടീമിന്റെ ഭാഗമാക്കുകയെന്നത് ബാഴ്സലോണയുടെ പ്രധാന പരിഗണനയിൽ ഉള്ള കാര്യമാണ്. നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കറായ ബോറുസിയെ ഡോർട്മുണ്ടിന്റെ എർലിങ് ഹാലൻഡിനെയാണ് ബാഴ്സലോണ നോട്ടമിട്ടിരിക്കുന്നത്. താരത്തിൽ ബാഴ്സക്കുള്ള താൽപര്യം ക്ലബിന്റെ പ്രസിഡന്റായ ലപോർട്ട പല തവണ വ്യക്തമാക്കിയിട്ടുമുണ്ട്.
ഹാലൻഡിനായി എല്ലാ രീതിയിലും ശ്രമം നടത്താൻ തന്നെയാണ് ബാഴ്സലോണ ഒരുങ്ങുന്നതെങ്കിലും യൂറോപ്പിലെ ഒട്ടുമിക്ക വമ്പൻ ക്ലബുകൾക്കും താൽപര്യമുള്ള താരത്തെ സ്വന്തമാക്കാൻ കനത്ത വെല്ലുവിളി തന്നെ അവർക്കു നേരിടേണ്ടി വരും. ഏതെങ്കിലും കാരണവശാൽ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ലാ ലിഗയിൽ റയൽ സോസിഡാഡിന്റെ സ്ട്രൈക്കർ അലക്സാണ്ടർ ഐസക്കിനെ ടീമിലെത്തിക്കാൻ ബാഴ്സ തീരുമാനിച്ചിട്ടുണ്ടെന്ന് സ്പോർട്ട് വെളിപ്പെടുത്തുന്നു.
Real Sociedad striker Isak is Barcelona's alternative to Haaland https://t.co/hRhhlF9etD
— SPORT English (@Sport_EN) February 11, 2022
ഐസക്ക് ഇതാദ്യമായല്ല ബാഴ്സലോണയുടെ റഡാറിൽ വരുന്നത്. കഴിഞ്ഞ വർഷം റയൽ സോസിഡാഡുമായി ഐസക്ക് കരാർ പുതുക്കുന്നതിനു മുൻപ് ബാഴ്സലോണ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ടീമിൽ നിന്നും താരങ്ങളെ ഒഴിവാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ആ നീക്കത്തിൽ ബാഴ്സ പരാജയപ്പെട്ടെങ്കിലും താരവുമായുള്ള ബന്ധം നല്ല രീതിയിലാണ് തുടരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ബാഴ്സ തന്നെ സമ്മറിൽ രണ്ടാമതായി പരിഗണിക്കുന്നുണ്ടെന്ന കാര്യം ഐസക്കിനുമറിയാം. എൺപതു മില്യൺ യൂറോയുടെ റിലീസ് ക്ളോസ് ഉണ്ടെങ്കിലും താരത്തിന്റെ പ്രതിനിധികളുമായി മികച്ച ബന്ധം ഉള്ളതിനാൽ ബാഴ്സലോണ വിളിച്ചാൽ താരം ക്ലബിലേക്ക് വരാൻ തയ്യാറാകും. ബാഴ്സയുടെ താൽപര്യം അറിയുന്നതിനാൽ തന്നെ മറ്റു ഓഫറുകൾ ഐസക്ക് പരിഗണിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ സീസണിൽ പതിനഞ്ചു ലീഗ് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ഐസക്കിന് നാല് ഗോളും ഒരു അസിസ്റ്റും മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂവെങ്കിലും യൂറോപ്പ ലീഗിൽ അഞ്ചു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളും കോപ്പ ഡെൽ റെയിൽ മൂന്നു മത്സരങ്ങളിൽ നിന്നും ഒരു ഗോളുമാണ് താരം നേടിയിട്ടുള്ളത്. 22 വയസു മാത്രമുള്ള താരത്തിന് ഇനിയും കൂടുതൽ മെച്ചപ്പെടാനുള്ള അവസരവും ബാക്കി കിടക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.