Football in Malayalam

ഈ വർഷം നിരവധി റെക്കോർഡുകൾ തകർത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ബാലൺ ഡി ഓർ അർഹിക്കുന്നതെന്ന് സർ അലക്‌സ് ഫെർഗുസൺ

Sreejith N
Portugal v Luxembourg - 2022 FIFA World Cup Qualifier
Portugal v Luxembourg - 2022 FIFA World Cup Qualifier / Carlos Rodrigues/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത അവാർഡായി കണക്കാക്കപ്പെടുന്ന ബാലൺ ഡി ഓർ ജേതാവ് ആരായിരിക്കുമെന്ന പ്രഖ്യാപനം അടുത്ത മാസം നടക്കാനിരിക്കെ പുരസ്‌കാരം ആരാണ് നേടുകയെന്നതിനെ സംബന്ധിച്ച ചർച്ചകൾ വളരെ സജീവമാണ്. പിഎസ്‌ജി താരമായ ലയണൽ മെസി, ചെൽസിയുടെ ജോർജിന്യോ, റയൽ മാഡ്രിഡിന്റെ കരിം ബെൻസിമ, ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോസ്‌കി എന്നിവരാണ് പുരസ്‌കാരത്തിന് സാധ്യതയുള്ള താരങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.

എന്നാൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സർ അലക്‌സ് ഫെർഗുസൻറെ അഭിപ്രായപ്രകാരം 2021 വർഷത്തെ ബാലൺ ഡി ഓറിന് അർഹനായ താരം പോർച്ചുഗൽ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോ ഈ വർഷം തകർത്തെറിഞ്ഞ റെക്കോർഡുകൾ പരിഗണിച്ചാണ് താരം ബാലൺ ഡി ഓർ നേടാൻ അർഹനാണെന്ന് ഫെർഗുസൺ പറയുന്നത്.

"ക്രിസ്റ്റ്യാനോയാണ് അതർഹിക്കുന്നത്, ഈ താരം ഒന്നിനു പിറകെ ഒന്നായാണ് റെക്കോർഡുകൾ തകർത്തത്," 2021 ബാലൺ ഡി ഓർ ആരു നേടണം എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഫെർഗുസൺ മറുപടി പറഞ്ഞത് സ്‌പാനിഷ്‌ മാധ്യമമായ മാർക്ക വെളിപ്പെടുത്തി.

ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനെന്ന നേട്ടം നേരത്തെ സ്വന്തമാക്കിയ റൊണാൾഡോ ഈ വർഷം അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും തന്റെ പേരിൽ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം ലക്‌സംബർഗിനെതിരെ ഹാട്രിക്ക് നേടിയതോടെ കരിയറിൽ 58 ഹാട്രിക്കുകൾ സ്വന്തമാക്കിയ റൊണാൾഡോക്ക് 800ആം കരിയർ ഗോളിന് വെറും അഞ്ചു ഗോൾ മാത്രം പിന്നിലാണ്.


facebooktwitterreddit