Football in Malayalam

"സാവി ചോദിച്ച സമ്മാനം ഞങ്ങൾ നൽകി"- മൊറാട്ട അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബാഴ്‌സലോണ സ്പോർട്ടിങ് ഡയറക്റ്റർ

Sreejith N
RCD Mallorca v FC Barcelona - La Liga Santander
RCD Mallorca v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണ ആരാധകർക്ക് വളരെയധികം ആശ്വാസം പകർന്നാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഫെറൻ ടോറസിന്റെ ട്രാൻസ്‌ഫർ ക്ലബ് പൂർത്തിയാക്കിയതെങ്കിലും ഇതുവരെയും താരത്തെ ടീമിനൊപ്പം രജിസ്റ്റർ ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ലാ ലീഗയുടെ സാലറി ക്യാപ്പുമായി ചേർന്നു പോകണമെങ്കിൽ നിലവിൽ ടീമിലുള്ള ചില താരങ്ങളെ ഒഴിവാക്കി വേതനബിൽ കുറച്ചാൽ മാത്രമേ അവർക്ക് ഫെറൻ ടോറസിനെ രജിസ്റ്റർ ചെയ്യാൻ കഴിയൂ.

അതിനിടയിൽ സ്‌പാനിഷ്‌ സ്‌ട്രൈക്കറായ അൽവാരോ മൊറാട്ടയുമായി ബാഴ്‌സലോണയെ ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ശക്തമാണ്. മൊറാട്ടയുടെ ബാഴ്‌സലോണ ട്രാൻസ്‌ഫർ തൊണ്ണൂറു ശതമാനത്തോളം പൂർത്തിയായെന്ന റിപ്പോർട്ടുകളുമുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കേ ഫെറൻ ടോറസിന്റെ രജിസ്ട്രേഷനെ കുറിച്ചും മൊറാട്ട അഭ്യൂഹങ്ങളെക്കുറിച്ചും ക്ലബിന്റെ സ്പോർട്ടിങ് ഡയരക്ടറായ മാറ്റിയൂ അലൈമണി സംസാരിക്കുകയുണ്ടായി.

"നിലവിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും നിലനിൽക്കുന്ന അവസ്ഥയെപ്പറ്റിയും ഞങ്ങൾക്കറിയാം. തീരുമാനങ്ങൾ എടുക്കുമ്പോൾ ഞങ്ങൾ ഇതെല്ലാം വിശകലനം ചെയ്യാറുണ്ട്, സാധ്യമാകുന്ന സമയത്ത് അതിനു പരിഹാരം കാണാൻ കഴിയുമെന്നും ഞങ്ങൾ കരുതുന്നു. യുസഫ് ഡെമിർ പോകുന്നത് ഞങ്ങളെ സഹായിക്കും. അതുപോലെ നിലനിൽക്കുന്ന ഒരുപാട് സാഹചര്യങ്ങൾ ഞങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു." അലൈമണി പറഞ്ഞു.

അൽവാരോ മൊറാട്ടയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് സാവിക്ക് ഒരു സമ്മാനമായാണോ സ്‌പാനിഷ്‌ സ്‌ട്രൈക്കറെ നൽകുന്നതെന്ന ചോദ്യമാണ് അലൈമണി നേരിട്ടത്. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "സാവി ഞങ്ങളോട് ആവശ്യപ്പെട്ടത് ഫെറൻ ടോറസിനെയാണ്. ഞങ്ങൾ ഒരു സമ്മാനം അദ്ദേഹത്തിന് ഇപ്പോൾ തന്നെ നൽകിക്കഴിഞ്ഞു."

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit