Football in Malayalam

യൂറോപ്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ക്ലബുകൾക്ക് യുവേഫയുടെ ടൂർണമെന്റുകളിൽ കളിക്കാൻ കഴിയില്ല; മുന്നറിയിപ്പുമായി സെഫറിൻ

Haroon Rasheed
Aleksander Ceferin has sent warnings to clubs over European Super League
Aleksander Ceferin has sent warnings to clubs over European Super League / MARCO BERTORELLO/GettyImages
facebooktwitterreddit

യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ക്ലബുകള്‍ക്ക് യുവേഫയുടെ ഒരു ടൂര്‍ണമെന്റിലും മത്സരിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പുമായി വീണ്ടും യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫറിന്‍.

റയല്‍ മാഡ്രിഡ്, യുവന്റസ്, ബാഴ്‌സലോണ തുടങ്ങിയ ക്ലബുകൾ വീണ്ടും യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി മുന്നോട്ട് വരുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സെഫറിന്റെ പ്രസ്‌താവന. ലണ്ടനില്‍ നടന്ന ഫിനാന്‍ഷ്യല്‍ ടൈംസ് ബിസിനസ് ഓഫ് ഫുട്‌ബോള്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സൂപ്പര്‍ ലീഗിനെക്കുറിച്ച് സംസാരിക്കുന്നവര്‍ ഫുട്‌ബോളിനെക്കുറിച്ചല്ല സംസാരിക്കുന്നത്, എനിക്ക് ഈ ഫുട്‌ബോള്‍ ഇതര പദ്ധതിയില്‍ മടുപ്പുണ്ട്, ആദ്യം, അവർ കോവിഡിന്റെ മധ്യത്തില്‍ ആ ആശയത്തെക്കുറിച്ചുള്ള അസംബന്ധം ആരംഭിച്ചു. ഇപ്പോൾ, ഒരു യുദ്ധത്തിന്റെ മധ്യത്തിൽ മറ്റൊരു ആശയം അവതരിപ്പിക്കാൻ അവർ പദ്ധതിയിടുന്നതായി ഞങ്ങൾ ലേഖനങ്ങൾ വായിക്കുന്നു," സെഫറിന്‍ പറഞ്ഞതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

"അവർക്ക് അവരുടെ സ്വന്തം കോമ്പറ്റീൻഷനിൽ കളിക്കാം, അവരെ (അതിൽ നിന്ന്) ആരും വിലക്കുന്നില്ല. പക്ഷെ, അവർ അവരുടെ സ്വന്തം കോമ്പറ്റീഷനിൽ കളിക്കുകയാണെങ്കിൽ, അവർക്ക് ഞങ്ങളുടെ കോമ്പറ്റീഷനിൽ കളിക്കാൻ കഴിയില്ല," സെഫറിന് വ്യക്തമാക്കി.

2021 ഏപ്രിലിലായിരുന്നു യൂറോപ്യന്‍ സൂപ്പര്‍ ലീഗ് എന്ന ആശയവുമായി യുവന്റസ് പ്രസിഡന്റ് ആന്ദ്രെ ആഗ്നെല്ലിയുടെയും റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെയും നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയത്. യൂറോപ്പില്‍ നിന്നുള്ള 12 ക്ലബുകള്‍ സ്ഥാപകഅംഗങ്ങളായി യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചെങ്കിലും, ഫുട്ബോൾ ലോകത്ത് നിന്ന് ഉയർന്ന കനത്ത പ്രതിഷേധത്തെ തുടർന്ന് ഒൻപത് ക്ലബുകളും അതിൽ നിന്ന് പിന്മാറി. ആഴ്‌സണൽ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്സ്പർ, എസി മിലാൻ, ഇന്റർ മിലാൻ, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരാണ് പിന്മാറിയത്. എന്നാൽ, റയൽ മാഡ്രിഡും ബാഴ്‌സലോണയും യുവന്റസും ഇപ്പോഴും സൂപ്പർ ലീഗ് എന്ന ആശയത്തിൽ നിന്ന് പിന്മാറിയിട്ടില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit