Football in Malayalam

ബാഴ്സലോണ കോപ്പ ഡെൽ റേയിൽ വിജയിക്കുമോയെന്ന് തനിക്കറിയില്ലെന്ന് പിക്വെയോട് ആൽബ; ഇരുവരും തമ്മിലുള്ള സംഭാഷണം പുറത്ത്

Gokul Manthara
Real Madrid v FC Barcelona - La Liga Santander
Real Madrid v FC Barcelona - La Liga Santander / Angel Martinez/Getty Images
facebooktwitterreddit

വരുന്ന ശനിയാഴ്ച അത്ലറ്റിക്ക് ക്ലബ്ബിനെതിരെ നടക്കാനിരിക്കുന്ന കോപ്പ ഡെൽ റേ യുടെ കലാശപ്പോരാട്ടത്തിൽ ബാഴ്സലോണ വിജയം നേടുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് ടീമിന്റെ സീനിയർ താരങ്ങളിലൊരാളായ ജോർഡി ആൽബ. ബാഴ്സലോണയുടെ മറ്റൊരു പ്രധാന താരമായ ജെറാർഡ് പിക്വെയോട് സംസാരിക്കുന്നതിനിടെയായിരുന്നു കോപ്പ ഡെൽ റേയുടെ കിരീടപ്പോരാട്ടത്തിൽ ജയിക്കാൻ ബാഴ്സലോണക്ക് കഴിയുമോയെന്ന് തനിക്കറിയില്ലെന്ന് ആൽബ വ്യക്തമാക്കിയത്.

റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസിക്കോ പോരാട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം ബാഴ്സലോണ താരങ്ങൾ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ക്ലാസിക്കോ പോരാട്ടത്തിലെ തോൽവിയിൽ നിരാശരായിരുന്ന ബാഴ്സലോണ താരങ്ങളെ പ്രചോദിപ്പിക്കാ‌ൻ ഈ സമയം മുന്നോട്ട് വന്ന പിക്വെ, കോപ്പ ഡെൽ റേയുടെ ഫൈനലിന് മുൻപ് ടീമംഗങ്ങൾക്ക് ആത്മവിശ്വാസം പകരാനുള്ള ശ്രമത്തിലായിരുന്നു.

ഇതിന്റെ ഭാഗമായി, വരാനിരിക്കുന്ന കോപ്പ ഡെൽ റേയിൽ ബാഴ്സലോണ വിജയിക്കുമെന്ന് പിക്വ ആത്മവിശ്വാസത്തോടെ പറഞ്ഞു. എന്നാൽ അക്കാര്യം തനിക്കറിയില്ലെന്ന് ഉടൻ ജോർഡി ആൽബ മറുപടി നൽകുകയായിരുന്നു‌. ക്ലബ്ബ് ഈ മത്സരത്തിൽ വിജയിക്കുമെന്ന് ഉറപ്പില്ലാത്ത പോലെയായിരുന്നു അൽബയുടെ സംസാരം. ഡിപ്പോർട്ടസ് കുവാട്രോയുടെ ക്യാമറയിലെ മൈക്രോഫോണായിരുന്നു ബാഴ്സലോണ ‌താരങ്ങൾ തമ്മിലുള്ള സംഭാഷണം ഒപ്പിയെടുത്തത്.

പിക്വയും, ആൽബയും തമ്മിൽ നടന്ന സംഭാഷണം ഇങ്ങനെ:

പിക്വെ : വിഷമിക്കാനൊന്നുമില്ല, നമ്മൾ ജയിക്കും

പിക്വെ : നമ്മൾ തീർച്ചയായും ഈ കോപ്പ വിജയിക്കും, കമോൺ.

ആൽബ : എനിക്കറിയില്ല

പിക്വെ : എന്ത് ?

ആൽബ : എനിക്കറിയില്ല.

അതേ സമയം ഈ‌ മാസം 18ന് ഇന്ത്യൻ‌ സമയം പുലർച്ചെ 1 മണിക്കാണ് ബാഴ്സലോണയും അത്ലറ്റിക്ക് ക്ലബ്ബും തമ്മിലുള്ള കോപ്പ ഡെൽ റേ ഫൈനൽ മത്സരം. സെമി ഫൈനലിൽ സെവിയ്യയെ മറികടന്നാണ് ബാഴ്സലോണ കലാശപ്പോരാട്ടത്തിലേക്ക് എത്തിയതെങ്കിൽ, ലെവാന്റയെ വീഴ്ത്തിയാണ് അത്ലറ്റിക്ക് ക്ലബ്ബിന്റെ ഫൈനൽ പ്രവേശം.


facebooktwitterreddit