ഒരു മധ്യനിരതാരത്തെ സ്വന്തമാക്കാതിരുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ പിഴവാണെന്ന് അലൻ ഷിയറർ

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മധ്യനിരയിലേക്ക് ഒരു താരത്തെ സൈൻ ചെയ്യാതിരുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ പിഴവാണെന്ന് പ്രീമിയർ ലീഗ് ഇതിഹാസം അലൻ ഷിയറർ. മധ്യനിര കൂടുതൽ ശക്തമാക്കാത്തതായിരുന്നു കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നം എന്ന് പറഞ്ഞ ഷിയറർ, ഇത്തവണ അത് തന്നെയാണ് അവസ്ഥയെന്ന് അഭിപ്രായപ്പെട്ടു.
ജേഡൻ സാഞ്ചോ, റാഫേൽ വരാൻ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ ലോകോത്തര താരങ്ങളെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിച്ചെങ്കിലും, 2021/22 സീസണിൽ ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അവസാനം കളിച്ച മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിലും വിജയം കരസ്ഥമാക്കാൻ കഴിയാതിരുന്ന യുണൈറ്റഡ്, ആകെ ഒരു പോയിന്റ് മാത്രമാണ് അവയിൽ നിന്നും കരസ്ഥമാക്കിയത്.
മധ്യനിര പലപ്പോഴും പ്രതീക്ഷക്കൊത്തുയരാത്തതും, മത്സരത്തിന്റെ നിയന്ത്രം ഏറ്റെടുക്കുന്നതിൽ പരാജയപ്പെടുന്നതും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു തലവേദനയാണ്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു ഹോൾഡിങ് മിഡ്ഫീൽഡർ ടീമിലെത്തിക്കാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി എന്നാണ് നിലവിലെ മത്സരഫലങ്ങളും അവയിലെ പ്രകടനങ്ങളും സൂചിപ്പിക്കുന്നത്.
നന്നായി പ്രെസ് ചെയ്ത് മത്സരത്തിന്റെ നിയന്ത്രണം മുന്നിൽ നിന്ന് ഏറ്റെടുക്കാൻ കഴിയുന്ന താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇല്ലെന്നാണ് ഷിയററും പറയുന്നത്.
"ആ പൊസിഷനിൽ (മധ്യനിരയിൽ) ഇൻവെസ്റ്റ് ചെയ്തില്ല എന്നതായിരുന്നു കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നം, വീണ്ടും അത് തന്നെയാണ് (പ്രശ്നം)," ഷിയറർ മാച്ച് ഓഫ് ദി ഡേയിൽ പറഞ്ഞു.
"മുന്നിൽ നിന്ന് പ്രെസ് ചെയ്ത് നിയന്ത്രം ഏറ്റെടുക്കാൻ അവിടെ ആരുമില്ല. പ്രീമിയർ ലീഗിൽ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല," ഷിയറർ കൂട്ടിച്ചേർത്തു.