Football in Malayalam

ജനുവരിയിൽ ന്യൂകാസിൽ യുണൈറ്റഡിലേക്ക് വമ്പൻ താരങ്ങളെത്താനുള്ള സാധ്യതയില്ലെന്ന് ക്ലബ് ഇതിഹാസം അലൻ ഷിയറർ

Sreejith N
Newcastle United v Norwich City - Premier League
Newcastle United v Norwich City - Premier League / Stu Forster/GettyImages
facebooktwitterreddit

സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഉടമസ്ഥാവകാശം ഏറ്റെടുത്തതോടെ ഏറ്റവും സമ്പന്നമായ ക്ലബായി മാറിയെങ്കിലും നിലവിൽ ശോകമാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ അവസ്ഥ. ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന പതിനാലു മത്സരങ്ങളിലും വിജയിക്കാൻ കഴിയാതിരുന്ന അവർ പോയിന്റ് ടേബിളിൽ ഏറ്റവുമവസാനമാണ് നിൽക്കുന്നത്.

എന്നാൽ ജനുവരി ട്രാൻസ്‌ഫർ ജാലകം വരുന്നതോടെ ടീമിന്റെ നിലവിലെ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വലിയ തുക മുടക്കി സൂപ്പർതാരങ്ങളെ എത്തിച്ച് ടീമിനു മുന്നേറി വരാമെന്നും വരാനിരിക്കുന്ന സീസണുകളിൽ പ്രകടനം മെച്ചപ്പെടുത്താമെന്നും അവർ കരുതുന്നു. എന്നാൽ ജനുവരിയിൽ വമ്പൻ താരങ്ങൾ ടീമിലെത്താനുള്ള സാധ്യത കുറവാണെന്നാണ് ക്ലബിന്റെ ഇതിഹാസമായ അലൻ ഷിയറർ പറയുന്നത്.

"ന്യൂകാസിലിന്റെ സീസൺ അടുത്ത രണ്ടു മത്സരങ്ങളിൽ മാത്രമാണുള്ളത്. നോർവിച്ചിനെതിരെ ചൊവാഴ്ച്ചയും ബേൺലിക്കെതിരെ ശനിയാഴ്‌ചയും നടക്കുന്ന മത്സരങ്ങൾ. അവ രണ്ടും സെയിന്റ് ജെയിംസ് പാർക്കിലാണ് നടക്കുന്നത്. എഡ്ഡീ ഹോവെയുടെ ടീമിനെ സംബന്ധിച്ച് അത് രണ്ടും വിജയിക്കേണ്ടത് അനിവാര്യവുമാണ്‌. ആ ആറു പോയിന്റുകളും ന്യൂകാസിലിനെ തരം താഴ്ത്തൽ മേഖലയിൽ നിന്നും ഉയർത്തില്ല, കാരണം അവരുടെ ഗോൾ വ്യത്യാസം മോശമാണ്."

"അതിലും വിജയിക്കാത്ത പക്ഷം ജനുവരി ആദ്യം ന്യൂകാസിൽ ഒരു മോശം സാഹചര്യത്തെ അഭിമുഖീകരിക്കാൻ പോവുകയാണ്. ഇത് ട്രാൻസ്‌ഫർ വിൻഡോയിൽ എത്തുന്ന താരങ്ങൾ എത്രത്തോളം കഴിവുള്ളതാണ് എന്നതിനെ ബാധിച്ചേക്കാം. തരം താഴ്ത്തപ്പെടാൻ പോകുന്ന ഒരു ടീമിനോട് പല മുൻനിര താരങ്ങളും പ്രതിബദ്ധത കാണിച്ചേക്കില്ല," ഷിയറർ ബിബിസി സ്പോർട്ടിനു വേണ്ടി എഴുതി.

ഷിയറർ ഇതു പറഞ്ഞതിനു ശേഷം നടന്ന ലീഗ് മത്സരത്തിൽ നോർവിച്ച് സിറ്റിയോട് ന്യൂകാസിൽ സമനില വഴങ്ങിയിരുന്നു. നിലവിൽ ഏഴു പോയിന്റ് മാത്രമുള്ള ടീം ജനുവരിയിൽ താരങ്ങളെ എത്തിച്ച് പ്രീമിയർ ലീഗിൽ തുടരാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കിയില്ല എങ്കിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ് പ്രീമിയർ ലീഗിലെ രണ്ടാം ഡിവിഷനിൽ കളിക്കേണ്ട സാഹചര്യമാണ് ഉണ്ടാവുക.


facebooktwitterreddit