സാവിയോട് ക്ലബ് വിടരുതെന്ന് അപേക്ഷിക്കുന്ന ആരാധകരുടെ പോസ്റ്ററുകൾ പങ്കുവെച്ച് അൽ സദ്ദ് ഫുട്ബോൾ ക്ലബ്


ബാഴ്സലോണ പരിശീലകസ്ഥാനത്തു നിന്നും റൊണാൾഡ് കൂമാന്റെ പുറത്താവലും അതിനു പകരക്കാരനായി ക്ലബിന്റെ ഇതിഹാസതാരമായ സാവിയെത്തുമെന്നുമുള്ള വാർത്തകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തു നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ നിന്നും നാലു തോൽവികൾ ഏറ്റുവാങ്ങി ലീഗിൽ ഒൻപതാം സ്ഥാനത്തേക്കു വീണതോടെയാണ് ഡച്ച് പരിശീലകനെ പുറത്താക്കാൻ ബാഴ്സ തീരുമാനമെടുത്തത്.
കൂമാനു പകരക്കാരൻ സാവി തന്നെയെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി കൊണ്ടിരിക്കെ ബാഴ്സലോണ ആരാധകർ വലിയ പ്രതീക്ഷയിലാണ്. ബാഴ്സലോണക്കും സ്പെയിനിനുമൊപ്പം കളിക്കാരനെന്ന നിലയിൽ സാധ്യമായ എല്ലാ നേട്ടങ്ങളും കരിയറിൽ സ്വന്തമാക്കിയ ഇതിഹാസ താരം അതിനു ശേഷം ഖത്തറിലെത്തി അൽ സദ്ദിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം ക്ലബ് മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.
Al-Sadd's official Instagram page are sharing story posts from fans asking Xavi to stay ? pic.twitter.com/is7RXUkq6F
— International Champions Cup (@IntChampionsCup) October 28, 2021
അതുകൊണ്ടു തന്നെ സാവി പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങി പോകുന്നത് അൽ സദ്ദ് ആരാധകരെ സംബന്ധിച്ച് വലിയ നിരാശയാണ് സമ്മാനിക്കുക. ഖത്തർ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ക്ലബിന്റെ ആരാധകർ സാവിയോട് ബാഴ്സയുടെ ഓഫർ നിഷേധിച്ച് അൽ സദ്ദിൽ തുടരാൻ ആവശ്യപ്പെടുന്നുണ്ട്. ആരാധകരുടെ അഭ്യർത്ഥന തങ്ങളുടെ ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റോറിയായി അൽ സദ്ദ് ക്ലബ് പോസ്റ്റ് ചെയ്യുന്നുമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ബാഴ്സയിലേക്ക് ചേക്കേറാനുള്ള സാധ്യതകളെക്കുറിച്ച് പ്രതികരിക്കാൻ സാവി വിസമ്മതിച്ചിരുന്നു. അൽ സദ്ദിലെ തന്റെ ജോലിയിൽ മാത്രമാണ് താനിപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നും മറ്റൊരു കാര്യത്തെക്കുറിച്ചും ചിന്തിക്കുന്നില്ലെന്നും സാവി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.
2015ലാണ് സാവി ഇരുപതു വർഷത്തെ ബാഴ്സലോണ കരിയർ അവസാനിപ്പിച്ച് ഖത്തർ ക്ലബ്ബിലേക്ക് ചേക്കേറിയത്. ഏതാനും വർഷങ്ങൾ അവിടെ കളിച്ചതിനു ശേഷം 2019ൽ ക്ലബിന്റെ പരിശീലകനായ സാവിക്കു കീഴിൽ രണ്ടു വർഷത്തിനുള്ളിൽ ഏഴു കിരീടങ്ങളാണ് അൽ സദ്ദ് സ്വന്തമാക്കിയത്. നിലവിൽ ലീഗിൽ തുടർച്ചയായി 34 മത്സരങ്ങളിൽ പരാജയവും ടീം അറിഞ്ഞിട്ടില്ല.