Football in Malayalam

സാവിയെ സ്വന്തമാക്കൽ കൂടുതൽ സങ്കീർണതകളിലേക്ക്, റിലീസിംഗ് തുക നൽകണമെന്ന് അൽ സദ്ദ്

Sreejith N
FBL-SADD-XAVI
FBL-SADD-XAVI / KARIM JAAFAR/GettyImages
facebooktwitterreddit

പുറത്താക്കപ്പെട്ട റൊണാൾഡ്‌ കൂമാനു പകരക്കാരനായി സാവിയെ സ്വന്തമാക്കാനുള്ള ബാഴ്‌സലോണയുടെ നീക്കങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. കാറ്റലൻ പരിശീലകനെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയ അൽ സദ്ദ് അതിനു വേണ്ടി ബാഴ്‌സലോണയോട് പണം ആവശ്യപ്പെട്ടുവെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തുടക്കത്തിൽ സാവി എളുപ്പത്തിൽ ബാഴ്‌സയിൽ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഖത്തരി ക്ലബ് കടുത്ത നിലപാടുകൾ സ്വീകരിക്കുന്നതാണ് ക്ലബിന്റെ നീക്കങ്ങളെ കുഴപ്പിക്കുന്നത്. നിരവധി ചർച്ചകൾ നടത്തി ഇതിനു പരിഹാരമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ബാഴ്‌സലോണ സാവിയുടെ റിലീസിംഗ് തുകയോ അതിന്റെ നിശ്ചിത ഭാഗമോ നൽകണം എന്ന ആവശ്യമാണ് ഖത്തരി ക്ലബ് ഇപ്പോൾ മുന്നോട്ടു വെക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

അൽ സദ്ദിന്റെ ഉടമയുമായി സാവി തന്നെയാണ് ഈ വിഷയത്തിൽ ചർച്ചകൾ നടത്തുന്നത്. അദ്ദേഹം സാവിയുമായി മാത്രമേ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറുള്ളൂവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാവിയെ സ്വന്തമാക്കാൻ ബാഴ്‌സലോണ നൽകേണ്ട നഷ്ടപരിഹാരത്തുക അഞ്ചു മില്യൺ യൂറോയാണ്.

വെള്ളിയാഴ്‌ച ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടത്താനുണ്ട്. അതിനു മുൻപ് ഇരുപാർട്ടികളും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിൽ എത്താനുള്ള യാതൊരു സാധ്യതയുമില്ല. അതു നീണ്ടാൽ ബാഴ്‌സലോണയുടെ അടുത്ത മത്സരത്തിനു മുൻപ് സാവി പരിശീലകനായി ചുമതലയേൽക്കാനുള്ള സാധ്യതകളും ഇല്ലാതാവും.

സെൽറ്റ വിഗോക്കെതിരായ അടുത്ത ലീഗ് മത്സരത്തിൽ സാവിയെ അവതരിപ്പിക്കാം എന്നാണു ബാഴ്‌സ നേതൃത്വം പ്രതീക്ഷിച്ചത് എങ്കിലും നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യതകൾ വളരെ കുറവാണ്. വെള്ളിയാഴ്‌ച രണ്ടു പാർട്ടികളും തമ്മിൽ ധാരണയിൽ എത്തിയാൽ അടുത്ത ചൊവ്വാഴ്‌ചയാവും സാവി ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കുക.

facebooktwitterreddit