സാവി ബാഴ്സലോണയിലേക്ക്, സ്ഥിരീകരണവുമായി ഖത്തർ ക്ലബ് അൽ സദ്ദ്


സ്പാനിഷ് ഇതിഹാസമായ സാവി ഹെർണാണ്ടസ് ബാഴ്സലോണ പരിശീലകനായി ചുമതല ഏറ്റെടുക്കും. തങ്ങളുടെ പരിശീലകനെ ബാഴ്സലോണക്ക് വിട്ടുകൊടുക്കുകയാണെന്ന് ഖത്തർ ക്ലബായ അൽ സദ്ദ് മിനിട്ടുകൾക്ക് മുൻപ് സോഷ്യൽ മീഡിയ വഴി സ്ഥിരീകരിച്ചു. ബാഴ്സലോണയിലേക്കുള്ള സാവിയുടെ മടങ്ങി വരവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന അനിശ്ചിതത്വങ്ങളും ഇതോടെ അവസാനിച്ചിരിക്കയാണ്.
"ബാഴ്സലോണയിലേക്കുള്ള സാവിയുടെ ട്രാൻസ്ഫർ അൽ സദ്ദ് നേതൃത്വം അംഗീകരിച്ചു. കോൺട്രാക്റ്റിൽ ഉൾപ്പെട്ട ഉടമ്പടി പ്രകാരമുള്ള റിലീസ് ക്ളോസ് നൽകിയാണ് ട്രാൻസ്ഫർ. ബാഴ്സലോണയുമായി ഭാവിയിൽ സഹകരിച്ചു പ്രവർത്തിക്കാനും ഞങ്ങൾ ധാരണയായി. അൽ സദ്ദിന്റെ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണ് സാവി, അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു." ഖത്തരി ക്ലബ് ട്വിറ്ററിൽ കുറിച്ചു.
Turki Al-Ali: The #AlSadd administration has agreed on Xavi’s move to Barcelona after the payment of the release clause stipulated in the contract. We’ve agreed on cooperation with Barcelona in the future. Xavi is an important part of Al-Sadd’s history and we wish him success. pic.twitter.com/3FvCOdYl5X
— ? #76 Al Sadd SC | نادي السد (@AlsaddSC) November 5, 2021
മോശം ഫോമിനെത്തുടർന്ന് ബാഴ്സലോണ പുറത്താക്കിയ റൊണാൾഡ് കൂമാനു പകരക്കാരനായാണ് സാവി ബാഴ്സയിൽ എത്തുന്നത്. യൂത്ത് കരിയറിൽ തുടങ്ങി നീണ്ട പതിനേഴു വർഷം ടീമിനു വേണ്ടി പ്രൊഫെഷണൽ തലത്തിൽ കളിച്ച സാവി 2015ലാണ് ക്ലബ് വിടുന്നത്. അതിനു ശേഷം കുറച്ചു കാലം അൽ സദ്ദിൽ കളിച്ച താരം 2019ൽ അവരുടെ പരിശീലകനായി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
ബാഴ്സലോണയിൽ കളിക്കാരനായും നായകനായും തിളങ്ങിയ സാവി കരിയറിൽ എട്ടു ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുമുൾപ്പെടെ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. സ്പെയിനിനൊപ്പം രണ്ടു യൂറോ കപ്പും ഒരു ലോകകപ്പും നേടിയ താരം കളിച്ചിരുന്ന സമയം ബാഴ്സയുടെയും സ്പെയിനിന്റെയും സുവർണകാലഘട്ടമായാണ് അറിയപ്പെടുന്നത്.
അൽ സദ്ദ് പരിശീലകനായി രണ്ടു വർഷത്തിൽ ഏഴു കിരീടങ്ങൾ സാവി സ്വന്തമാക്കിയിട്ടുണ്ട് എങ്കിലും ബാഴ്സലോണയെ പെട്ടെന്നു മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് തീർച്ചയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ക്ലബ്ബിനെ പടിപടിയായി ഉയർത്തിയെടുക്കാനാവും സാവി ശ്രമിക്കുക.