Football in Malayalam

റൊണാൾഡോക്കായി നീക്കം നടത്തുന്നതിനെക്കുറിച്ച് തങ്ങൾ ആലോചിച്ചിട്ട് പോലുമില്ലെന്ന് പി എസ് ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫി

By Gokul Manthara
Juventus v Atalanta - Pre-Season Friendly
Juventus v Atalanta - Pre-Season Friendly / Jonathan Moscrop/Getty Images
facebooktwitterreddit

ഇക്കുറി യുവന്റസ് വിടാൻ താല്പര്യപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കുന്നതിന് ഇറ്റാലിയൻ ക്ലബ്ബുമായി ചർച്ച നടത്തുന്നതിനെക്കുറിച്ച് തങ്ങൾ ആലോചിച്ചിട്ട് പോലുമില്ലെന്ന് പി എസ് ജി പ്രസിഡന്റായ നാസർ അൽ ഖെലൈഫി. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം, പി എസ് ജിയും റൊണാൾഡോയെ ടീമിലെത്തിക്കാൻ രംഗത്തുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇത്തരം റിപ്പോർട്ടുകൾ പാടേ തള്ളിക്കളഞ്ഞ് നാസർ അൽ ഖെലൈഫി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ യുവന്റസ് വിട്ടാൽ റൊണാൾഡോ ചേക്കേറാൻ സാധ്യതയുള്ള ഒരേയൊരു ക്ലബ്ബായി സിറ്റി മാറിയിരിക്കുകയാണ്.

റൊണാൾഡോയുടെ ഭാവിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ താരത്തിന്റെ ഏജന്റായ ജോർജ് മെൻഡസ് കഴിഞ്ഞ ദിവസം പാരീസിലെത്തിയിരുന്നു. ഇത് പിഎസ് ജിയുമായി താരത്തിന്റെ ട്രാൻസ്ഫർ കാര്യത്തിൽ ചർച്ച നടത്താനാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തിരുന്നു‌.

എന്നാൽ റൊണാൾഡോക്ക് വേണ്ടി ഒരു നീക്കം നടത്തുന്നതിനെക്കുറിച്ച് പോലും തങ്ങൾ ആലോചിച്ചിട്ടില്ലെന്ന് ഇന്നലെ പി എസ് ജി പ്രസിഡന്റ് സ്ഥിരീകരിക്കുകയായിരുന്നു. റൊണാൾഡോയെ സ്വന്തമാക്കുന്നതിന് തങ്ങൾ രംഗത്തില്ലെന്ന് ബീഇൻ സ്പോർട്സിനോട് സംസാരിക്കവെ നാസർ അൽ ഖെലൈഫി വ്യക്തമാക്കിയതോടെ പിഎസ് ജിയുമായി ബന്ധപ്പെടുത്തി പുറത്ത് വന്നിരുന്ന റൊണാൾഡോയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് അവസാനമായി.

അതേ സമയം ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായ റൊണാൾഡോ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിൽ ചേരുന്നതിനോട് വളരെ അടുത്തു കഴിഞ്ഞെന്നാണ് ഇന്നലെ ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തത്. ക്ലബ്ബുമായുള്ള വ്യക്തിഗത വ്യവസ്ഥകൾ താരം അംഗീകരിച്ചതായും, ക്ലബ്ബിലെ‌ തന്റെ പങ്കിനെക്കുറിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോളയുമായി അദ്ദേഹം സംസാരിച്ചതായും അവരുടെ റിപ്പോർട്ടിൽ പറയുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit