മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലക്ഷ്യമിടുന്ന താരങ്ങളുടെ വില ഉയര്‍ത്തി അയാക്‌സ്

അടുത്ത സീസണിലേക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലക്ഷ്യമിടുന്ന താരങ്ങളുടെ വില അയാക്‌സ് ഉയര്‍ത്തിയതായി 90min മനസിലാക്കുന്നു. എറിക് ടെന്‍ ഹാഗിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അയാക്‌സിന്റെ രണ്ട് യുവതാരങ്ങളെയാണ് ലക്ഷ്യമിടുന്നത്. അര്‍ജന്റൈന്‍ താരം ലിസാന്ദ്രോ മാര്‍ട്ടിനസ്, ബ്രസീലില്‍ താരം ആന്റണി എന്നിവരെയാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്.
അര്‍ജന്റൈന്‍ യുവതാരത്തിനായി അയാക്‌സ് നേരത്തെ 50 മില്യൺ യൂറോയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 60 മില്യൺ യൂറോയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. പ്രധാനമായി സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന മാർട്ടിനസ് ലെഫ്റ്റ് ബാക്കിലും ഡിഫന്‍സീവ് മിഡിലും കഴിവ് തെളിയിച്ച താരമാണ്.
അയാക്‌സിന്റെ പ്രതികരണത്തില്‍ മാര്‍ട്ടിനസ് രോഷാകുലനാണെന്ന് 90min മനസിലാക്കുന്നുണ്ട്.
യുണൈറ്റഡിന്റെ റിക്രൂട്ട്‌മെന്റ് സംഘം നേരത്തെ വിയ്യാറയലിന്റെ പൗ ടോറസിനെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തന്റെ ശൈലിയിൽ കളിച്ച് പരിചയമുള്ള താരങ്ങളെ സൈൻ ചെയ്യാനാണ് ടെൻ ഹാഗ് നോക്കുന്നത്. അതിനാലാണ് മാര്‍ട്ടിനസിന് വേണ്ടി യുണൈറ്റഡ് ശ്രമം നടത്തുന്നത്.
അയാക്‌സിന്റെ റൈറ്റ് വിങ്ങറായ ബ്രസീലിന്റെ ആന്റണിയെയും യുണൈറ്റഡ് ലക്ഷ്യമിടുന്നത്. ബ്രസീലിയന്‍ താരവും ടെന്‍ ഹാഗിന് കീഴില്‍ കളിച്ച് പരിചയമുള്ള താരമാണ്. താരത്തിന് 80 മില്യൺ യൂറോയാണ് അയാക്‌സ് വിലയിട്ടിരിക്കുന്നത്.
രണ്ട് താരങ്ങള്‍ക്കുമായി അയാക്‌സ് ഇപ്പോള്‍ 140 മില്യൺ യൂറോയാണ് ചോദിക്കുന്നത്. രണ്ട് താരങ്ങൾക്കുമായി യുണൈറ്റഡ് ചിലവിടാൻ പദ്ധതിയിട്ടതിനേക്കാൾ കൂടുതലാണത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും രണ്ട് താരങ്ങളും യുണൈറ്റഡിലേക്കുള്ള നീക്കത്തില്‍ സന്തുഷ്ടരാണ്. എന്നാൽ ക്ലബുകൾ തമ്മിൽ ട്രാൻസ്ഫർ കാര്യത്തിൽ ധാരണയിലെത്തേണ്ടതുണ്ട്.