താൻ ബാഴ്സലോണയുടെ പരിശീലകനാകില്ലെന്ന സൂചനകൾ പുറത്ത് വിട്ട് അയാക്സ് ബോസ്

By Gokul Manthara
Ajax v SC Cambuur - Dutch Eredivisie
Ajax v SC Cambuur - Dutch Eredivisie / BSR Agency/Getty Images
facebooktwitterreddit

സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണയുടെ പരിശീലക ജോലിയിൽ തനിക്ക് താല്പര്യമില്ലെന്ന് സൂചനകൾ പുറത്ത് വിട്ട് ഡച്ച് ക്ലബ്ബായ അയാക്സിന്റെ പരിശീലകനായ എറിക് ടെൻ ഹാഗ്. സമീപകാലത്ത് ക്ലബ്ബിന്റെ പ്രകടനങ്ങൾ മോശമായ സാഹചര്യത്തിൽ റൊണാൾഡ് കൂമാനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളിലാണ് ബാഴ്സലോണയെന്നും പുതിയ പരിശീലകനായി ക്ലബ്ബ് പരിഗണിക്കുന്നവരിൽ പ്രധാനിയാണ് എറിക് ടെൻ ഹാഗെന്നുമുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. അതിനിടെയാണ് താൻ കറ്റാലൻ ക്ലബ്ബിന്റെ പരിശീലകനാകില്ലെന്നും അയാക്സിനെ പരിശീലിപ്പിക്കുന്നതിലാണ് താൻ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ടെൻ ഹാഗ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

"അതുമായി എനിക്ക് എന്ത് ബന്ധമുണ്ട്? ഞാൻ അയാക്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ അഭ്യൂഹങ്ങൾ നിങ്ങൾക്ക് രസകരമാണ്. എന്നാൽ എനിക്ക് അങ്ങനെയല്ല." ബാഴ്സലോണയുമായി ബന്ധപ്പെട്ടുയരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇ എസ് പി എന്നിന് ടെൻ ഹാഗ് മറുപടി നൽകി.

നേരത്തെ ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ പരാജയവും, പിന്നാലെ ഗ്രനഡക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ സമനിലയും വഴങ്ങിയതോടെയായിരുന്നു ബാഴ്സലോണ തങ്ങളുടെ പരിശീലക സ്ഥാനത്ത് നിന്ന് റൊണാൾഡ് കൂമാനെ പുറത്താക്കിയേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായത്. കൂമാന് പകരക്കാരനെ തിരഞ്ഞു കൊണ്ടിരിക്കുകയാണ് കറ്റാലൻ ക്ലബ്ബെന്നും അത് കണ്ടെത്തിയാൽ ഉടൻ തന്നെ ക്ലബ്ബ് അദ്ദേഹത്തെ തൽസ്ഥാനത്ത്‌ നിന്ന് പുറത്താക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

അതേ സമയം ബെൽജിയം ദേശീയ ടീം പരിശീലകൻ റോബർട്ടോ മാർട്ടിനസിന്റേയും മുൻ ബാഴ്സലോണ താരം കൂടിയായിരുന്ന തിയറി ഹെന്റിയുടേയും പേരുകളും കറ്റാലൻ ക്ലബ്ബിന്റെ പരിശീലകനാവാൻ സാധ്യതയുള്ളവരായി പറഞ്ഞു കേൾക്കുന്നുണ്ട്. ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തേക്കെത്താനുള്ള സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ, അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിലവിൽ ഒന്നും പറയാനില്ലെന്നായിരുന്നു‌ കഴിഞ്ഞ ദിവസം യൂറോസ്പോർടിനോട്‌ സംസാരിക്കവെ മാർട്ടിനസ് വ്യക്തമാക്കിയത്. അതേ സമയം നേരത്തെ ഏണസ്റ്റോ വൽവർഡെയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ സമയത്ത് ഹെന്റിയെ ആ റോളിലേക്ക് ബാഴ്സലോണ പരിഗണിച്ചിരുന്നതാണ്. എന്നാൽ അന്ന് പരിശീലക വേഷത്തിൽ കാര്യമായ പരിചയസമ്പത്തില്ലാതിരുന്ന അദ്ദേഹം കറ്റാലൻ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയിരുന്നില്ല.

facebooktwitterreddit