Football in Malayalam

അഗ്യൂറോ ഇനി കളിക്കളത്തിലേക്കില്ല, ബുധനാഴ്‌ച ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കും

Sreejith N
FC Barcelona v Valencia CF - LaLiga Santander
FC Barcelona v Valencia CF - LaLiga Santander / Quality Sport Images/GettyImages
facebooktwitterreddit

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കാരണം വളരെ നാളുകളായി പുറത്തിരിക്കുന്ന സെർജിയോ അഗ്യൂറോ ഇനി കളിക്കളത്തിലേക്ക് മടങ്ങി വരില്ലെന്നു റിപ്പോർട്ടുകൾ. അർജന്റീന താരം ബുധനാഴ്‌ച ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുമെന്നും താരത്തിനു വിടവാങ്ങൽ നൽകുന്നതിനു വേണ്ടി ബാഴ്‌സലോണ തയ്യാറെടുത്തുവെന്നും സ്‌പാനിഷ്‌ മാധ്യമമായ റേഡിയോ മാർക്കയിൽ മാധ്യമപ്രവർത്തകനായ എമിലിയോ പെരെസ് ഡി റോസാസ് അറിയിച്ചു.

ഒക്ടോബർ 30നു ഡീപോർറ്റീവോ അലാവസിനെതിരെ നടന്ന ലീഗ് മത്സരത്തിനിടെ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് അഗ്യൂറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനകളിലാണ് അർജന്റീനിയൻ മുന്നേറ്റനിര താരത്തിന് ഹൃദയസംബന്ധമായ തകരാറുണ്ടെന്ന് കണ്ടെത്തിയത്. ഹൃദയമിടിപ്പിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്ന കാർഡിയാക് അരൈത്ത്മിയ എന്ന അസുഖമാണ് അഗ്യൂറോക്ക് കണ്ടെത്തിയത്.

അസുഖം കണ്ടെത്തിയതിനു ശേഷം അഗ്യൂറോക്ക് ഫുട്ബോളിൽ നിന്നും വിരമിക്കേണ്ടി വരുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും അതിനെയെല്ലാം താരം തള്ളിക്കളയുകയായിരുന്നു. വളരെ വിശദമായ പരിശോധന നടത്തിയതിനു ശേഷം മാത്രം തന്റെ കരിയർ അവസാനിപ്പിക്കുന്നതിനെപ്പറ്റി ചിന്തിക്കാമെന്നു കരുതിയ താരം ആ സാഹചര്യത്തിലേക്ക് എത്തിയെന്നു തന്നെയാണ് പെരെസ് ഡി റോസാസിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

"ജെറാർഡ് റൊമേരോ ഏതാനും ആഴ്ചകൾക്കു മുൻപ് ഇക്കാര്യം പറഞ്ഞുവെന്നു ഞാൻ കരുതുന്നു. എസ്പാന്യോളിനെതിരായ മത്സരത്തിന് മുൻപ് റാഫ യുസ്‌റ്റെ അതു നിഷേധിക്കുകയും ഡോക്ടർമാർക്ക് തീരുമാനമിടുക്കാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ടെന്നു പറയുകയും ചെയ്‌തു. എന്നാൽ എനിക്കു വിവരങ്ങൾ പ്രകാരം ബാഴ്‌സ താരത്തിന്റെ വിടവാങ്ങലിനു തയ്യാറെടുത്തു കഴിഞ്ഞു." അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിച്ചതിനു ശേഷം ഈ സമ്മറിലാണ് അഗ്യൂറോ ബാഴ്‌സലോണയിൽ എത്തുന്നത്. എന്നാൽ മസിലിനു പരിക്കേറ്റതിനെ തുടർന്ന് സീസൺ നഷ്‌ടമായ താരത്തിനു നാലു ലീഗ് മത്സരങ്ങളിൽ മാത്രമാണ് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. റയൽ മാഡ്രിഡിനെതിരെ തന്റെ ഒരേയൊരു ബാഴ്‌സലോണ ഗോൾ നേടിയ താരം ചാമ്പ്യൻസ് ലീഗിലും ഒരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit