Football in Malayalam

പെനാൽറ്റി നഷ്ടപ്പെടുത്തി അഗ്യൂറോ; മാഞ്ചസ്റ്റർ സിറ്റിയുടെ പേരിലായത് നാണം കെട്ട റെക്കോർഡുകളിലൊന്ന്

Gokul Manthara
Manchester City v Chelsea - Premier League
Manchester City v Chelsea - Premier League / Shaun Botterill/Getty Images
facebooktwitterreddit

പ്രീമിയർ ലീഗിൽ ഇന്നലെ ചെൽസിക്കെതിരെ നടന്ന മത്സരത്തിൽ സൂപ്പർ താരം സെർജിയോ അഗ്യൂറോ പെനാൽറ്റി നഷ്ടപ്പെടുത്തിയതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ പേരിലായത് ലീഗിലെ നാണം കെട്ട റെക്കോർഡുകളിലൊന്ന്. പ്രീമിയർ ലീഗിൽ തുടർച്ചയായി രണ്ട് സീസണുകളിൽ നാലോ അതിലധികമോ ഗോളുകൾ നഷ്ടപ്പെടുത്തുന്ന ടീമെന്ന നാണക്കേടാണ് ഇന്നലത്തെ മത്സരത്തോടെ പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് സ്വന്തമായത്.

ഇന്നലെ അഗ്യൂറോ പെനാൽറ്റി പാഴാക്കിയതോടെ 2020-21 സീസൺ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി നഷ്ടപ്പെടുത്തിയ മൊത്തം പെനാൽറ്റികളുടെ എണ്ണം നാലായി. അഗ്യൂറോക്ക് മുൻപ് കെവിൻ ഡി ബ്രൂയിൻ, ഗുണ്ടോഗൻ, റഹീം സ്റ്റെർലിംഗ് എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിച്ച പെനാൽറ്റികൾ ഇക്കുറി നഷ്ടപ്പെടുത്തിയത്. നേരത്തെ 2019-20 സീസണിലും നാലിലധികം പെനാൽറ്റികൾ മാഞ്ചസ്റ്റർ സിറ്റി പാഴാക്കിയിരുന്നു. ഇതോടെ 26 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിന്റെ തുടർച്ചയായ രണ്ട് സീസണുകളിൽ നാലോ അതിലധികമോ പെനാൽറ്റികൾ പാഴാക്കുന്ന‌ ആദ്യ ടീമെന്ന നാണം കെട്ട റെക്കോർഡ് മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തമായി. നേരത്തെ 1993-94, 1994-95 സീസണുകളിൽ ടോട്ടൻഹാം ഹോട്സ്പറാണ് പ്രീമിയർ ലീഗിൽ ഇതിന് മുൻപ്‌ ഇത്തരമൊരു നാണക്കേട് ഏറ്റുവാങ്ങിയത്.

അതേ‌ സമയം ഇന്നലെ ചെൽസിക്കെതിരെ തങ്ങളുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുൻപ് ലഭിച്ച സ്പോട്ട് കിക്ക് എടുക്കാനെത്തിയത് അർജന്റൈൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ. തന്ത്രപരമായി ഒരു പനേങ്ക കിക്കിലൂടെ പെനാൽറ്റി വലയിലെത്തിക്കാനുള്ളഅഗ്യൂറോയുടെ ശ്രമം പക്ഷേ പിഴച്ചു. അഗ്യൂറോയുടെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയ ചെൽസി ഗോൾകീപ്പർ എഡ്വേർഡ് മെൻഡി അനായാസം പന്ത് പിടിച്ചെടുത്തു.

അഗ്യൂറോ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിലാകട്ടെ മാഞ്ചസ്റ്റർ സിറ്റിക്ക് പരാജയവും ഏറ്റുവാങ്ങേണ്ടി വന്നു. റഹീംസ്റ്റെർലിംഗിലൂടെ ആദ്യം മുന്നിലെത്തിയ മത്സരത്തിൽ പിന്നീട് രണ്ട് ഗോളുകൾ ഏറ്റുവാങ്ങിയായിരുന്നു സിറ്റിയുടെ പരാജയം.‌ ഹക്കിം സിയെച്ചും, മാർക്കോസ് അലൊൻസോയുമായിരുന്നു മത്സരത്തിൽ ചെൽസിയുടെ വിജയഗോളുകൾ നേടിയത്.

facebooktwitterreddit