Manchester City News

'എന്റെ സഹോദരനെ ഒരിക്കലും അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നില്ല' - ഗ്വാർഡിയോളക്കെതിരെ വിമർശനവുമായി അഗ്യൂറോയുടെ സഹോദരൻ

Sreejith N
Manchester City FC Training Session and Press Conference - UEFA Champions League Final 2021
Manchester City FC Training Session and Press Conference - UEFA Champions League Final 2021 / Alex Livesey - Danehouse/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള അവസാന സീസണിൽ പ്രീമിയർ ലീഗ് കിരീടമുയർത്തിയെങ്കിലും കരിയറിൽ ഇതുവരെയും നേടാൻ കഴിഞ്ഞിട്ടില്ലാത്ത ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ അഗ്യൂറോക്ക് കഴിഞ്ഞില്ല. പോർട്ടൊയിൽ വെച്ചു നടന്ന ഫൈനലിൽ ചെൽസിയോട് എതിരില്ലാത്ത ഒരു ഗോളിന് സിറ്റി കീഴടങ്ങിയതോടെ അർജന്റീനിയൻ സ്‌ട്രൈക്കറുടെ ചാമ്പ്യൻസ് ലീഗ് സ്വപ്‌നം കൂടിയാണ് ഇല്ലാതായത്.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പകരക്കാരനായി ഇറങ്ങിയ അഗ്യൂറോ ഇരുപതു മിനുട്ടോളം സിറ്റിക്കൊപ്പമുള്ള തന്റെ അവസാന മത്സരത്തിൽ കളത്തിലുണ്ടായിരുന്നു. സീസണു ശേഷം മാഞ്ചസ്റ്റർ സിറ്റി വിടുന്ന താരത്തെ ഫൈനലിനു ശേഷം വികാരഭരിതനായാണ് കാണപ്പെട്ടത്. അതേസമയം മത്സരത്തിനു പിന്നാലെ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളയെ വിമർശിച്ച് അഗ്യൂറോയുടെ സഹോദരങ്ങളിൽ ഒരാളായ മൗറിസിയോ ഡെൽ കാസ്റ്റിയോ രംഗത്തെത്തി.

പെപ് ഗ്വാർഡിയോളക്ക് ഒരിക്കലും ആവശ്യമുണ്ടായിരുന്ന താരമായിരുന്നില്ല അഗ്യൂറോയെന്നാണ് ഡെൽ കാസ്റ്റിയോ ട്വിറ്ററിൽ കുറിച്ചത്. "ഗ്വാർഡിയോള സിറ്റിയിൽ എത്തിയതു മുതൽ അദ്ദേഹത്തിന് എന്റെ സഹോദരനെ ആവശ്യമുണ്ടായിരുന്നില്ല," ട്വിറ്ററിൽ ഡെൽ കാസ്റ്റിയോ കുറിച്ചുവെന്നും അതിനു ശേഷമത് ഡിലീറ്റ് ചെയ്‌തുവെന്നും സ്‌പാനിഷ്‌ മാധ്യമമായ മാർക്ക വെളിപ്പെടുത്തി.

പ്രീമിയർ ലീഗിലെ അവസാന മത്സരത്തിനു ശേഷം അഗ്യൂറോയെക്കുറിച്ച് സംസാരിക്കുമ്പോൾ വികാരഭരിതനായാണ് ഗ്വാർഡിയോളയെ കാണപ്പെട്ടത്. മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അഗ്യൂറോക്ക് പകരക്കാരനെ കണ്ടെത്താൻ ഒരിക്കലും തങ്ങൾക്ക് കഴിയില്ലെന്നും പെപ് അന്നു പറഞ്ഞിരുന്നു.

ഈ സീസണിൽ പരിക്കു മൂലം തിരിച്ചടി നേരിട്ട അഗ്യൂറോക്ക് വളരെ കുറഞ്ഞ മത്സരങ്ങളിൽ മാത്രമാണ് ഗ്വാർഡിയോള അവസരം നൽകിയിരിക്കുന്നത്. എങ്കിലും അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ ഇരട്ടഗോളുകൾ നേടാൻ താരത്തിന് കഴിഞിരുന്നു. സീസണു ശേഷം താരം ബാഴ്‌സയിലേക്ക് ചേക്കേറാനിരിക്കയാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം-ത്തിനെ ഫോളോ ചെയ്യൂ

facebooktwitterreddit