റൊണാൾഡോ എക്കാലത്തെയും മികച്ച കളിക്കാരനെന്ന് അർജന്റീന യുവതാരം, മറുപടി നൽകി അഗ്യൂറോ


നോർവിച്ച് സിറ്റിക്കെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ഹാട്രിക്ക് നേട്ടവുമായി തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ എക്കാലത്തെയും മികച്ച താരമെന്നു വിശേഷിപ്പിച്ച അർജന്റീന യുവതാരത്തിനു മറുപടിയുമായി അഗ്യൂറോ. ടോപ് ഫോറിനായി പൊരുതുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടിയ മത്സരത്തിൽ ഒരു ഫ്രീകിക്ക് ഗോളടക്കമാണ് റൊണാൾഡോ ഹാട്രിക്ക് കുറിച്ചത്.
മത്സരത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിലിടം നേടിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിലെ താരമായ അലസാൻഡ്രോ ഗർനാച്ചോയാണ് റൊണാൾഡോയെ എക്കാലത്തെയും മികച്ച താരമെന്നു വിശേഷിപ്പിച്ചത്. ഹാട്രിക്ക് നേടിയ റൊണാൾഡോ മത്സരത്തിനു ശേഷം ആ ബോൾ സമ്മാനിച്ചത് പതിനേഴുകാരനായ ഗർനാച്ചോക്ക് ആയിരുന്നു.
റൊണാൾഡോ നൽകിയ പന്തുമായി താരത്തിനൊപ്പം നടക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഗർനാച്ചോ അതിനൊപ്പം കുറിച്ചത് "എക്കാലത്തെയും ഏറ്റവും മികച്ച താരം" എന്നായിരുന്നു. അതിനു കീഴെ നിരവധി പേർ മറുപടിയുമായി എത്തിയെങ്കിലും അഗ്യൂറോയുടെ മറുപടി ശ്രദ്ധിക്കപ്പെട്ടു. "ലയണൽ മെസിക്കൊപ്പം ഇതുവരെയും കളിക്കാത്തതു കൊണ്ടാണ് ഇങ്ങിനെ പറയുന്നത്" എന്നായിരുന്നു അഗ്യൂറോയുടെ മറുപടി.
സ്പെയിനിൽ ജനിച്ച അലസാൻഡ്രോ ഗർനാച്ചോയുടെ അമ്മ അർജന്റീനക്കാരിയാണ്. സ്പെയിൻ U18 ടീമിനു വേണ്ടി മൂന്നു മത്സരങ്ങൾ കളിച്ചിട്ടുള്ള താരം മാർച്ചിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന സ്ക്വാഡിൽ ഇടം പിടിച്ചിരുന്നു എങ്കിലും രണ്ടു മത്സരങ്ങളിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.