Football in Malayalam

മെസിയുമായും സ്‌കലോണിയുമായും സംസാരിച്ചു, അർജന്റീനയുടെ ലോകകപ്പ് ടീമിനൊപ്പം ചേരില്ലെന്ന് അഗ്യൂറോ

Sreejith N
Aguero Reject World Cup Role With Argentina
Aguero Reject World Cup Role With Argentina / ANP/GettyImages
facebooktwitterreddit

2022 അവസാനം നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിന്റെ കോച്ചിങ് സ്റ്റാഫായി ചേരാനുള്ള പദ്ധതികൾ വേണ്ടെന്നു വെച്ചുവെന്ന് സെർജിയോ അഗ്യൂറോ. ടീമിന്റെ നായകനായ ലയണൽ മെസി, പരിശീലകൻ ലയണൽ സ്‌കലോണി എന്നിവരോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചുവെന്നും ഖത്തറിൽ ഒരു ആരാധകനായി ടീമിനെ പ്രചോദിപ്പിക്കാൻ ഉണ്ടാകുമെന്നും അഗ്യൂറോ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം ഫുട്ബോളിൽ നിന്നും വിരമിക്കേണ്ടി വന്ന മുപ്പത്തിമൂന്നു വയസുള്ള സെർജിയോ അഗ്യൂറോ ഫെബ്രുവരിയിലാണ് ലയണൽ സ്‌കലോണിയുടെ ബാക്ക്റൂം സ്റ്റാഫായി ഖത്തറിലുണ്ടാകുമെന്ന സൂചനകൾ നൽകിയത്.എന്നാൽ മെസി, സ്‌കലോണി എന്നിവരുമായി സംസാരിച്ചതിനു ശേഷം ആ പദ്ധതി താൻ വേണ്ടെന്നു വെച്ചുവെന്നും അതിന്റെ കാരണവും അഗ്യൂറോ വെളിപ്പെടുത്തി.

"അർജന്റീന ടീമിന്റെ സ്റ്റാഫാകാനുള്ള ക്ഷണം ഇപ്പോഴുമുണ്ട്. ഞാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ടാപ്പിയയുമായി സംസാരിച്ചിരുന്നു. എന്റെ സമയം ആസ്വദിക്കുക എന്ന ലക്‌ഷ്യം ഞാൻ അദ്ദേഹത്തോട് വ്യക്തമാക്കി. ഞാൻ ഖത്തറിലുണ്ടാകും, പക്ഷെ ഒരു ആരാധകനായിട്ടാകും."

"ദേശീയ ടീമിലുള്ള എല്ലാവരുമായും എനിക്ക് മികച്ച ബന്ധമുണ്ട്. എന്നാൽ കോച്ചിങ് സ്റ്റാഫായും കളിക്കാരുമായി ദൈനംദിന കാര്യങ്ങളുമായും നിൽക്കുന്ന ഒരു ചുമതല എനിക്കിപ്പോൾ സാധ്യമാകില്ല. എനിക്കു വേണ്ടിയല്ലാത്ത ഒരു വേഷമാണ് അവർ ഇപ്പോൾ ആവശ്യപ്പെടുന്നത്."

"ഞാൻ മെസിയുമായി സംസാരിച്ചിരുന്നു. താരവും സ്‌കലോണിയും എന്താണ് അവർക്കു വേണ്ടതെന്നതിനെ സംബന്ധിച്ച് ഒരു ആശയം എനിക്കു നൽകി. ഞാൻ അവരോട് ആലോചിക്കാൻ സമയം ആവശ്യപ്പെടുകയും അതിനു ശേഷം ടാപ്പിയയോട് അതിനു താൻ തയ്യാറെടുത്തിട്ടില്ലെന്ന് പറയുകയും ചെയ്‌തു."

"അർജന്റീന ടീമുമായി ബന്ധപ്പെട്ട ഏതൊരു പരിപാടിക്കും ഞാൻ ലഭ്യമാകും. എന്നാൽ ഒരു അംബാസിഡർ എന്ന നിലയിൽ ദൈനംദിന ചുമതലയുള്ള ഒരു ഉത്തരവാദിത്വം എനിക്ക് ടീമിനൊപ്പം വേണ്ട." അഗ്യൂറോ ഇഎസ്‌പിഎന്നിനോട് വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit