ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയം നേടാൻ ആർക്കാണു സാധ്യതയെന്നു വെളിപ്പെടുത്തി സെർജിയോ അഗ്യൂറോ
By Sreejith N

2022 സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. 2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനമായി വരുന്ന ഈ വർഷത്തെ ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡും ലിവർപൂളും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ സീസണിൽ രണ്ടു ടീമുകളും മികച്ച പ്രകടനം നടത്തുന്നതിനാൽ ആര് കിരീടം നേടുമെന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
അതേസമയം മുൻ ബാഴ്‌സലോണ, അർജന്റീന താരമായ സെർജിയോ അഗ്യൂറോയുടെ അഭിപ്രായത്തിൽ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിന് നേരിയ മുൻതൂക്കമുണ്ട്. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ മുൻകാല ചരിത്രവും പരിചയസമ്പത്തും അവരെ പിന്തുണക്കുമെന്നാണ് അഗ്യൂറോ പറയുന്നത്.
Sergio Aguero becomes the latest personality to weigh in on the Champions League final.
— Sports Brief (@sportsbriefcom) May 18, 2022
The veteran striker didn't have a chance to win the trophy during his playing career but has given his opinion on which team has better chances to win the final.https://t.co/RDKSPTX8d7
"അതു വളരെ കടുപ്പമായിരിക്കും, എന്നാൽ റയൽ മാഡ്രിഡിന് കൂടുതൽ സാധ്യതയുണ്ടെന്നാണു ഞാൻ കരുതുന്നത്. റയൽ മാഡ്രിഡിന് ഫൈനലുകളിൽ കൂടുതൽ അനുഭവസമ്പത്തുണ്ട്, അവർ ഫൈനലിൽ എങ്ങിനെയാണ് എത്തിയതെന്നതും റയലിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു."
"റയൽ മാഡ്രിഡ് വളരെ സങ്കീർണമായ ടീമാണെന്നതിനാൽ ലിവർപൂൾ അവർക്ക് ബഹുമാനം നൽകുന്നുമുണ്ട്. എന്നാൽ സത്യസന്ധമായ കാര്യം എന്താണെന്നു വെച്ചാൽ ആരു വിജയം നേടിയാലും ഞാനത് ശ്രദ്ധിക്കാൻ പോകുന്നില്ലെന്നതാണ്." എൽ ഹോർമിഗുവേറോയോട് സംസാരിക്കുമ്പോൾ അഗ്യൂറോ പറഞ്ഞു.
റയൽ മാഡ്രിഡും ലിവർപൂളും തമ്മിൽ ഇതുവരെ എട്ടു മത്സരം കളിച്ചതിൽ നാലെണ്ണത്തിൽ റയൽ മാഡ്രിഡും മൂന്നെണ്ണത്തിൽ ലിവർപൂളുമാണ് വിജയിച്ചിട്ടുള്ളത്. റയൽ മാഡ്രിഡ് പത്തു ഗോളുകൾ നേടിയപ്പോൾ ലിവർപൂൾ എട്ടു തവണ വലകുലുക്കി. ഈ സീസണിൽ ലാ ലിഗ വിജയിച്ച് റയൽ ഫൈനൽ പോരാട്ടത്തിന് എത്തുമ്പോൾ കറബാവോ കപ്പ്, എഫ്എ കപ്പ് ഫൈനലുകളിൽ ലിവർപൂൾ വിജയിച്ചു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.