Football in Malayalam

പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച വിദേശ സ്‌ട്രൈക്കറെ വെളിപ്പെടുത്തി വെയ്ൻ റൂണി, സിറ്റി വിടുന്ന അഗ്യൂറോക്ക് പ്രശംസ

Sreejith N
Stoke City v Derby County - Sky Bet Championship
Stoke City v Derby County - Sky Bet Championship / James Gill - Danehouse/Getty Images
facebooktwitterreddit

ഈ സീസണ് ശേഷം അർജന്റീനിയൻ സ്‌ട്രൈക്കറായ സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റി വിടുകയാണെന്ന കാര്യം ക്ലബ് നേതൃത്വവും താരവും അംഗീകരിച്ചു കഴിഞ്ഞതാണ്. മാഞ്ചസ്റ്റർ സിറ്റി കണ്ട എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ താരം ഒട്ടനവധി കിരീടനേട്ടങ്ങൾ സിറ്റിക്കൊപ്പം സ്വന്തമാക്കി പടിയിറങ്ങുമ്പോൾ പ്രധാന എതിരാളികളായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി താരത്തിന് പ്രശംസയുമായി രംഗത്തെത്തി.

പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് അഗ്യൂറോയെന്ന പറഞ്ഞ റൂണി താരത്തിന്റെ അസാന്നിധ്യം പ്രീമിയർ ലീഗിനെയും മാഞ്ചസ്റ്റർ സിറ്റിയെയും വളരെയധികം ബാധിക്കുമെന്ന് വ്യക്തമാക്കി. അതേസമയം സിറ്റിയുടെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനാണ് അഗ്യൂറോയെങ്കിലും പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച വിദേശ സ്‌ട്രൈക്കർ അർജന്റീനിയൻ താരമാണെന്ന അഭിപ്രായം റൂണിക്കില്ല.

റൂഡ് വാൻ നിസ്റ്റൽ റൂയി, ഡെന്നിസ് ബെർഗ്കാംപ്, എറിക് കന്റോണ എന്നീ ഇതിഹാസങ്ങൾ കളിച്ച പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച വിദേശ സ്‌ട്രൈക്കറായി റൂണി വെളിപ്പെടുത്തിയത് മുൻ ആഴ്‌സണൽ താരമായ തിയറി ഹെൻറിയുടെ പേരാണ്. "പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച വിദേശതാരങ്ങളുടെ നിരയിൽ അഗ്യൂറോയുമുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല."

"എന്നാൽ ഏറ്റവും മികച്ച വിദേശ താരത്തെക്കുറിച്ച് എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ പറയുക തിയറി ഹെൻറിയുടെ പേരായിരിക്കും. അഗ്യൂറോ, റൂഡ് വാൻ നിസ്റ്റൽറൂയി, ഡെന്നിസ് ബെർഗ്കാമ്പ്, എറിക് കന്റോണ എന്നിങ്ങനെ ഏതാനും താരങ്ങൾ അദ്ദേഹത്തിന് പിന്നിൽ തന്നെയുണ്ട്." റൂണീ വ്യക്തമാക്കി.

അഗ്യൂറോ ഇംഗ്ലണ്ടിൽ തുടർന്നാലും മറ്റേതെങ്കിലും ലീഗിലേക്ക് ചേക്കേറിയാലും താരത്തിന്റെ കരിയർ മികച്ചതാവുമെന്നും റൂണി പറഞ്ഞു. അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് ഉറപ്പായതോടെ ബാഴ്‌സലോണ, പിഎസ്‌ജി, യുവന്റസ്, ചെൽസി എന്നീ ക്ലബുകൾ താരത്തിന് വേണ്ടി ശ്രമമാരംഭിച്ചിട്ടുണ്ട്.


facebooktwitterreddit