അഗ്യൂറോയുടെ ശാരീരികസ്ഥിതി ആശങ്കാജനകം, ബാഴ്‌സലോണ താരത്തിനു ഫുട്ബോളിൽ നിന്നും വിരമിക്കേണ്ടി വന്നേക്കും

Sreejith N
FC Barcelona v Deportivo Alaves - LaLiga Santander
FC Barcelona v Deportivo Alaves - LaLiga Santander / Alex Caparros/GettyImages
facebooktwitterreddit

ഡിപോർറ്റീവോ അലാവസുമായി നടന്ന ലാ ലിഗ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മൈതാനം വിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാഴ്‌സലോണ മുന്നേറ്റനിര താരം സെർജിയോ അഗ്യൂറോയുടെ ആരോഗ്യസ്ഥിതി കരുതിയതിലും കൂടുതൽ ഗുരുതരമെന്നു സൂചനകൾ. കാറ്റലോണിയ റേഡിയോ പുറത്തു വിട്ടതു റിപ്പോർട്ടുകൾ പ്രകാരം അർജന്റീന താരത്തിനു തന്റെ ഫുട്ബോൾ കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വന്നേക്കും.

ഡിപോർറ്റീവോ അലാവസുമായി നടന്ന മത്സരം നാൽപതു മിനുട്ട് പിന്നിട്ടപ്പോഴാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മൂലം അഗ്യൂറോ കളിക്കളം വിടുന്നത്. അതിനു ശേഷം ആശുപത്രിയിലെത്തിച്ച താരത്തിനു നടത്തിയ പരിശോധനകളിൽ ഹൃദയമിടിപ്പിനു വ്യതിയാനം സംഭവിക്കുന്ന അസുഖമുണ്ടെന്നു തെളിഞ്ഞിരുന്നു. പിന്നീടു നടത്തിയ വിദഗ്‌ദ പരിശോധനകളുടെ ഫലം ഇപ്പോൾ പുറത്തു വന്നതിനെ അടിസ്ഥാനമാക്കിയാണ് കാറ്റലോണിയ റേഡിയോ ഇക്കാര്യം റിപ്പോർട്ടു ചെയ്‌തിരിക്കുന്നത്‌.

നേരത്തെ മൂന്നു മാസത്തെ വിശ്രമമാണ് ബാഴ്‌സലോണ താരത്തിനു നിർദ്ദേശിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആ സാഹചര്യമല്ല ഉള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അഗ്യൂറോയുടെ സ്ഥിതി നേരത്തെ കണ്ടെത്തിയതിൽ നിന്നും കൂടുതൽ ഗുരുതരമാണെന്നും പ്രൊഫെഷണൽ സ്പോർട്സുമായി അതിനു ഒത്തുപോകാൻ കഴിയില്ലെന്നും ഫുട്ബോളിൽ നിന്നു തന്നെ വിരമിക്കേണ്ടി വരാൻ സാധ്യതയുണ്ടെന്നും അവർ അറിയിച്ചു.

മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിച്ചതിനു ശേഷം ബാഴ്‌സലോണയിലേക്ക് ചേക്കേറിയ അഗ്യൂറോ ക്ലബിനു വേണ്ടി ആദ്യമായി ഫസ്റ്റ് ഇലവനിൽ ഇറങ്ങിയ മത്സരത്തിലാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. താരം ഫുട്ബോൾ കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യമാണെങ്കിൽ അത് അടുത്ത ലോകകപ്പിനു ടീമിനെ ഒരുക്കുന്ന അർജന്റീനക്കും ഈ സീസണിൽ പതറുന്ന ബാഴ്‌സലോണക്കും കനത്ത തിരിച്ചടിയാണ്.

facebooktwitterreddit