ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിനൊപ്പം താനുമുണ്ടായേക്കുമെന്ന സൂചനകൾ നൽകി അഗ്യൂറോ


ഈ വർഷം ഖത്തറിൽ വെച്ചു നടക്കാനിരിക്കുന്ന ലോകകപ്പ് ടൂർണ്ണമെന്റിനുള്ള അർജന്റീന ടീമിനൊപ്പം താനുമുണ്ടാകും എന്ന സൂചനകൾ നൽകി സെർജിയോ അഗ്യൂറോ. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അഗ്യൂറോ നിലവിൽ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായ ലയണൽ സ്കലോണിയുടെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായി ലോകകപ്പിൽ പങ്കെടുക്കാനാണ് ഒരുങ്ങുന്നത്.
മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി നിരവധി വർഷങ്ങൾ കളിച്ച് ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി കഴിഞ്ഞ സമ്മറിൽ ക്ലബ് വിട്ട അഗ്യൂറോ ബാഴ്സലോണയിലേക്ക് ചേക്കേറിയെങ്കിലും സീസണിനിടയിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം കളിക്കളം വിടേണ്ടി വരികയായിരുന്നു. ശാരീരികപ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ ലോകകപ്പിനുള്ള ലയണൽ സ്കലോണിയുടെ സ്ക്വാഡിൽ താരം തീർച്ചയായും ഉൾപ്പെടുമായിരുന്നു.
"ഞാൻ ഖത്തർ ലോകകപ്പിനു പോകുന്നുണ്ട്. ഈയാഴ്ച ഒരു മീറ്റിങ് ഉണ്ടായേക്കും. എനിക്കവിടെ എത്തണം. കോച്ചിങ് സ്റ്റാഫിനൊപ്പം ചേരുകയെന്ന ആശയമാണുള്ളത്, ഞാൻ സ്കലോണിയുമായും ടാപ്പിയയുമായും സംസാരിച്ചിരുന്നു. എനിക്കതിനു ശ്രമിക്കണം, അതിനെനിക്ക് അവസരം ലഭിച്ചിട്ടുണ്ട്." റേഡിയോ 10നോട് സംസാരിക്കുമ്പോൾ അഗ്യൂറോ പറഞ്ഞു.
മൂന്നു ലോകകപ്പുകൾ കളിച്ചതിനു ശേഷം സൈഡ്ലൈനിൽ നിൽക്കേണ്ടി വരുന്നതിനെക്കുറിച്ചും അഗ്യൂറോ പറഞ്ഞു. "അതൊരു പ്രശ്നമല്ല. ഞാനവിടെക്കു പോകും, അതിനായി ഒരുങ്ങിക്കഴിഞ്ഞു. അതിനി ദേശീയ ടീമിനൊപ്പമല്ലെങ്കിൽ ഞാനെന്റെ കൂട്ടുകാർക്കൊപ്പം പോകും. ഞാൻ അവർക്ക് പ്രചോദനം നൽകാൻ വേണ്ടിയാണു പോകുന്നത്." അഗ്യൂറോ വ്യക്തമാക്കി.
കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ അർജന്റീന ശക്തരായാണ് ലോകകപ്പിനായി ഒരുങ്ങുന്നത്. കോപ്പ അമേരിക്ക നേട്ടത്തിൽ അർജന്റീനക്കൊപ്പം ഉണ്ടായ അഗ്യൂറോക്ക് ദൗർഭാഗ്യകരമായി വിരമിക്കേണ്ടി വന്നെങ്കിലും ലോകകപ്പ് ടീമിനൊപ്പം താരവുമുണ്ടായാൽ അത് ടീമിനും ആരാധകർക്കും ആവേശം നൽകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.