Football in Malayalam

മെസിയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം, അഗ്യൂറോ ബാഴ്‌സലോണ ട്രാൻസ്‌ഫർ വൈകിപ്പിക്കുന്നു

Sreejith N
Argentina v Paraguay: Group B - Copa America Brazil 2019
Argentina v Paraguay: Group B - Copa America Brazil 2019 / Chris Brunskill/Fantasista/Getty Images
facebooktwitterreddit

ലയണൽ മെസിയുടെ ഭാവിയുടെ കാര്യത്തിൽ വ്യക്തത വരാതെ ബാഴ്‌സലോണയിലേക്ക് ചേക്കേറുന്ന കാര്യത്തിൽ അഗ്യൂറോ തീരുമാനമെടുക്കില്ലെന്നു റിപ്പോർട്ടുകൾ. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അർജന്റീനിയൻ താരത്തെ ബാഴ്‌സലോണ സ്വന്തമാക്കാൻ ശ്രമിക്കുന്നതു മെസിയെ ടീമിൽ നിലനിർത്തുകയെന്ന പദ്ധതികളുടെ കൂടി ഭാഗമായാണ്. എന്നാൽ ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷമുള്ള ദിവസങ്ങളിൽ താരം ബാഴ്‌സ മെഡിക്കൽ പൂർത്തിയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ വഴിത്തിരിവ്.

മെസി ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് സാധ്യതയെങ്കിലും അക്കാര്യം ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ടീമിന്റെ നായകനു പുതിയ കരാർ നൽകാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും അതു പൂർത്തിയായിട്ടില്ലെന്നാണ് ക്ലബിന്റെ പ്രസിഡന്റായ ലപോർട്ടയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ അഗ്യൂറോ ബാഴ്‌സയുമായി കരാർ ഒപ്പിടാനും വൈകുമെന്ന് സ്‌പാനിഷ്‌ മാധ്യമം മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ടു ചെയ്യുന്നു.

2011 മുതൽ പത്തു വർഷമായി മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള അഗ്യൂറോയുടെ കരാർ ഈ സീസണു ശേഷം പുതുക്കുന്നില്ലെന്ന തീരുമാനം ക്ലബ് എടുത്തതോടെയാണ് അർജന്റൈൻ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് അവസരമൊരുങ്ങിയത്. മെസിയുമായി മികച്ച ബന്ധമുള്ള അഗ്യൂറോ കറ്റാലൻ ക്ലബിലെത്തിയാൽ അതു ടീമിനു ഗുണം ചെയ്യുമെന്നും കരാർ പുതുക്കാൻ മെസി സമ്മതം മൂളാൻ കാരണമാകുമെന്നും ബാഴ്‌സ നേതൃത്വം കണക്കുകൂട്ടി.

എന്നാൽ നിലവിലെ റിപ്പോർട്ടുകൾ അഗ്യൂറോയുടെ ട്രാൻസ്‌ഫർ വേഗത്തിൽ ഉറപ്പിക്കാനുള്ള ബാഴ്‌സ നേതൃത്വത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ്. മുപ്പത്തിരണ്ടുകാരനായ താരത്തിനു വേണ്ടി പ്രീമിയർ ലീഗിലെയും യുവന്റസ് ഉൾപ്പെടെയുള്ള ക്ലബുകളും രംഗത്തുള്ളതു കൊണ്ടു തന്നെ കരാർ ഉറപ്പിക്കുന്നതു നീട്ടിക്കൊണ്ടു പോകാൻ ബാഴ്‌സലോണക്ക് കഴിയില്ല. അതുകൊണ്ടു തന്നെ മെസിയുടെ കരാർ വേഗത്തിൽ പൂർത്തിയാക്കി അഗ്യൂറോയുടെ ട്രാൻസ്‌ഫർ ഉറപ്പിക്കാനാവും ബാഴ്‌സലോണ ശ്രമിക്കുക.


facebooktwitterreddit