Football in Malayalam

കൂമാന് താൽപര്യമില്ല, അഗ്യൂറോ അടുത്ത സീസണിൽ റൊണാൾഡോക്കൊപ്പം കളിക്കാൻ സാധ്യത

Sreejith N
Juventus v Manchester City FC - UEFA Champions League
Juventus v Manchester City FC - UEFA Champions League / Valerio Pennicino/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമായ സെർജിയോ അഗ്യൂറോ അടുത്ത സീസണിൽ ടീമിനൊപ്പമുണ്ടാകില്ലെന്ന് ക്ലബ് നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൂണിൽ കരാർ അവസാനിക്കുന്ന അഗ്യൂറോയുമായി ഇനി കോൺട്രാക്‌ട് പുതുക്കുന്നില്ലെന്നു മാഞ്ചസ്റ്റർ സിറ്റി വ്യക്തമാക്കിയതോടെയാണ് താരത്തിന്റെ സിറ്റി കരിയറിന് ഈ സീസണോടെ അവസാനമാകുന്നത്.

പരിക്ക് മൂലം ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും പ്രതിഭാശാലിയായ മുപ്പത്തിരണ്ടുകാരനായ താരത്തെ അടുത്ത സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ നിരവധി ക്ലബുകൾക്ക് താൽപര്യമുണ്ട്. നേരത്തെ മെസിയെ നിലനിർത്തുന്നതിന്റെ ഭാഗമായി അഗ്യൂറോയെ ബാഴ്‌സലോണ ടീമിലെത്തിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും ഇപ്പോൾ യുവന്റസാണ് താരത്തിന് വേണ്ടി മുന്നിലെന്നാണ് ഇറ്റാലിയൻ മാധ്യമം ഗസറ്റ ഡെല്ല സ്‌പോർടിനെ അടിസ്ഥാനമാക്കി മാർക്ക റിപ്പോർട്ടു ചെയ്യുന്നത്.

Messi, Aguero
മെസിയെ ബാഴ്‌സയിൽ നിലനിറുത്തുന്നതിന്റെ ഭാഗമായി അഗ്യൂറോയെ ടീമിലെത്തിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു / JAIME REINA/Getty Images

മെസിയുടെ ഉറ്റ സുഹൃത്തായ അഗ്യൂറോയെ സ്വന്തമാക്കാൻ ബാഴ്‌സ നേതൃത്വത്തിന് താൽപര്യമുണ്ടെങ്കിലും ബാഴ്‌സലോണ പരിശീലകൻ കൂമാന് അക്കാര്യത്തിൽ വ്യത്യസ്ത നിലപാടാണുള്ളത്. അഗ്യൂറോക്ക് പകരം ഫ്രഞ്ച് ക്ലബായ ലിയോണിൽ കളിക്കുന്ന ഡച്ച് മുന്നേറ്റനിര താരം മെംഫിസ് ഡീപേയെ ബാഴ്‌സയിൽ എത്തിക്കണമെന്നാണ് കൂമാന്റെ താൽപര്യം. കഴിഞ്ഞ സമ്മറിൽ താരത്തിനായി ബാഴ്‌സ ശ്രമം നടത്തുകയും ചെയ്‌തിരുന്നു.

കൂമാന്റെ താൽപര്യത്തിന് വിരുദ്ധമായി ബാഴ്‌സലോണയിലേക്ക് ചേക്കേറിയാൽ അവസരങ്ങൾ കുറയാൻ സാധ്യതയുള്ളതു കൊണ്ട് ബാഴ്‌സലോണ ട്രാൻസ്‌ഫർ ഉപേക്ഷിക്കാൻ അഗ്യൂറോ നിർബന്ധിതനായേക്കും. കൂടാതെ ഒരു ലോകോത്തര സ്‌ട്രൈക്കറെ ആവശ്യമുള്ള യുവന്റസിൽ അവസരങ്ങൾ കൂടുതൽ ലഭിക്കുമെന്നതു കൊണ്ട് ഇറ്റാലിയൻ ക്ലബ്ബിനെ തിരഞ്ഞെടുക്കാനും അഗ്യൂറോ തയ്യാറാകും.

അഗ്യൂറോ കൂടിയെത്തിയാൽ റൊണാൾഡോ, ഡിബാല എന്നിവർക്കൊപ്പം ഏതു പ്രതിരോധത്തെയും തകർക്കാൻ കഴിവുള്ള മുന്നേറ്റനിര യുവന്റസിന് സ്വന്തമാകും. താരത്തിന്റെ പതിനഞ്ചു മില്യൺ യൂറോ മൂല്യമുള്ള പ്രതിഫലകരാർ നൽകുന്നതിന് വേണ്ടിയുള്ള വഴികൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഇറ്റാലിയൻ ക്ലബെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


facebooktwitterreddit