Premier League

"ആ തീരുമാനം തെറ്റായിരുന്നു"- മാഞ്ചസ്റ്റർ സിറ്റിയുടെ തോൽ‌വിക്കു പിന്നാലെ ക്ഷമാപണം നടത്തി സെർജിയോ അഗ്യൂറോ

Sreejith N
Manchester City v Chelsea - Premier League
Manchester City v Chelsea - Premier League / Shaun Botterill/Getty Images
facebooktwitterreddit

ചെൽസിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി തോൽവി വഴങ്ങിയതിനു പിന്നാലെ ആരാധകരോട് ക്ഷമാപണം നടത്തി സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ. ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷം രണ്ടു ഗോളടിച്ച് ചെൽസി വിജയിച്ച മത്സരത്തിന്റെ ആദ്യ പകുതിയിൽ സിറ്റിയുടെ രണ്ടാം ഗോൾ നേടാനുള്ള സുവർണാവസരം അഗ്യൂറോ തുലച്ചിരുന്നു.

സ്റ്റെർലിങ് ആദ്യഗോൾ നേടിയതിനു പിന്നാലെയാണ് പെനാൽറ്റിയിലൂടെ ലീഡുയർത്താൻ അഗ്യൂറോക്ക് അവസരം ലഭിച്ചത്. എന്നാൽ പെനാൽറ്റി പനേങ്ക കിക്കിലൂടെ വലയിലെത്തിക്കാനുള്ള അഗ്യൂറോയുടെ തീരുമാനം ചെൽസി കീപ്പർ മെൻഡിക്ക് കാര്യങ്ങളെ എളുപ്പമാക്കുകയും താരം അതു തടുത്തിടുകയും ചെയ്‌തു. മത്സരം വിജയിച്ചാൽ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഇതോടെ സിറ്റിക്ക് നഷ്ടമായത്.

സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അഗ്യൂറോ ആരാധകരോട് ക്ഷമാപണം നടത്തിയത്. "പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ സഹതാരങ്ങളോടും സ്റ്റാഫിനോടും ടീമിനെ പിന്തുണക്കുന്ന എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. അതൊരു മോശം തീരുമാനമായിരുന്നു, അതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കുന്നു." താരം കുറിച്ചു.

മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടാനുള്ള സാധ്യതകൾ നഷ്ടമായതിനൊപ്പം വ്യക്തിപരമായി സ്വന്തമാക്കാൻ കഴിയുമായിരുന്ന റെക്കോർഡ് കൂടിയാണ് പെനാൽറ്റി തുലച്ചതിലൂടെ അഗ്യൂറോ നഷ്ടപ്പെടുത്തിയത്. ഒരു ക്ലബിനു വേണ്ടി ഏറ്റവുമധികം പ്രീമിയർ ലീഗ് ഗോളുകളെന്ന റൂണിയുടെ 183 ഗോൾ റെക്കോർഡിന് ഒരെണ്ണം മാത്രം പിന്നിലാണ് അർജന്റീനിയൻ താരം.

അതേസമയം വിജയം ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയെ ഒന്നുകൂടി ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലൈസ്റ്റർ സിറ്റി തോൽവി വഴങ്ങിയതോടെ പോയിന്റ് ടേബിളിൽ ചെൽസി മൂന്നാമതെത്തിയിട്ടുണ്ട്. ഇനി മൂന്നു മത്സരങ്ങൾ കൂടിയാണ് ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ലീഗിൽ ബാക്കിയുള്ളത്.

facebooktwitterreddit