Football in Malayalam

ഫുട്ബോളിലേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ടെങ്കിലും പേടിയാണെന്ന് സെർജിയോ അഗ്യൂറോ

Sreejith N
FBL-ESP-LIGA-BARCELONA
FBL-ESP-LIGA-BARCELONA / PAU BARRENA/GettyImages
facebooktwitterreddit

ഫുട്ബോൾ കളിക്കാനും കാണാനും ആഗ്രഹമുണ്ടെങ്കിലും ഭയം കാരണം അതിനു മുതിരാറില്ലെന്ന് മുൻ അർജന്റീന താരമായ സെർജിയോ അഗ്യൂറോ. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം ഫുട്ബോളിൽ നിന്നും അപ്രതീക്ഷിതമായി വിരമിക്കേണ്ടി വന്ന താരം തന്റെ അതേക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിനൊപ്പം താനുണ്ടാകാൻ സാധ്യതയുണ്ടെന്നും അഗ്യൂറോ പറഞ്ഞു.

"എനിക്കിപ്പോഴും കളിക്കണമെന്നുണ്ടെങ്കിലും ഭയമാണ്. ഞാൻ എന്റെ ജീവിതം മുഴുവനും പരിശീലനം നടത്തുകയും വലിയ മത്സങ്ങൾക്കു വേണ്ടി തയ്യാറെടുക്കുകയും ചെയ്‌തു, ഇപ്പോൾ ഞാൻ ഫുട്ബോളോ വാർത്തകളോ കാണാറില്ല. എന്താണു സംഭവിക്കുന്നത് എന്നു ഞാൻ ശ്രദ്ധിക്കാറുമില്ല," അർജന്റീനിയൻ മാധ്യമം ടൈക് സ്പോർട്ടിനോട് അഗ്യൂറോ പറഞ്ഞു.

"സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കുകയെന്നതു പോലെ ഞാൻ ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫുട്ബോളിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചുള്ള ചിന്തകൾ എനിക്കുണ്ടെങ്കിലും അതിനെനിക്ക് കഴിയില്ലെന്ന് ധാരണയുണ്ട്. എനിക്ക് വളരെയെളുപ്പത്തിൽ ഹൃദയാഘാതം വരാമെന്നും അത് സംഭവിക്കാതിരുന്നത് ഭാഗ്യമാണെന്നുമാണ് അവർ പറയുന്നത്. ഇപ്പോൾ വിശ്രമിക്കാനുള്ള സമയമാണ്. ഞാൻ ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്." അഗ്യൂറോ പറഞ്ഞു.

കോച്ചിങ് സ്റ്റാഫായി അർജന്റീന ടീമിനൊപ്പം ഖത്തർ ലോകകപ്പിന് എത്തുന്നതിനെക്കുറിച്ചും അഗ്യൂറോ പറഞ്ഞു. "എന്തു ചുമതല എനിക്ക് നൽകാൻ കഴിയുമെന്നതിനേക്കുറിച്ച്‌ ഇപ്പോഴും ചർച്ച നടക്കുകയാണ്. ടാപ്പിയ എന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്, ടീമിലേക്ക് വരാനും അദ്ദേഹം ആവശ്യപ്പെട്ടു."

"ലോകകപ്പ് നറുക്കെടുപ്പിനു പോകുമോ എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് കുറച്ചു കൂടി ചർച്ചകൾ നടത്താൻ പോവുകയാണ്. ഞാൻ അവർക്കൊപ്പമുണ്ടാകും, അവരുമായി വളരെ നല്ല രീതിയിൽ ചേർന്നു പോകാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അവർക്കൊപ്പം ഉണ്ടാകും, പിരിമുറുക്കമുള്ള സമയങ്ങളിൽ അവരെ സഹായിക്കുകയും ചെയ്യും." അഗ്യൂറോ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit