Football in Malayalam

റൊണാൾഡോയെ സ്വന്തമാക്കാനുള്ള തീരുമാനം തെറ്റായിരുന്നില്ല, മറ്റു ക്ലബുകൾക്ക് പോലും ഗുണമുണ്ടായെന്ന് യുവന്റസ് പ്രസിഡന്റ്

Sreejith N
Juventus v Torino FC - Serie A
Juventus v Torino FC - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

2018ൽ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇറ്റാലിയൻ ലീഗിലെ റെക്കോർഡ് ട്രാൻസ്‌ഫർ തുകക്ക് സ്വന്തമാക്കാനെടുത്ത തീരുമാനം തെറ്റായിരുന്നില്ലെന്ന് യുവന്റസ് മേധാവി ആന്ദ്രേ ആഗ്നെല്ലി. അതുപോലെയൊരു തീരുമാനം അടുത്ത ദിവസവും താൻ എടുക്കാൻ തയാറാണെന്നു വ്യക്തമാക്കിയ ആഗ്നല്ലി അതുകൊണ്ട് ലീഗിലെ മറ്റു ക്ലബുകളുടെ വരുമാനത്തിലും ഉയർച്ചയുണ്ടായി എന്നും വെളിപ്പെടുത്തി.

നൂറു മില്യൺ യൂറോയിലധികം നൽകി റയൽ മാഡ്രിഡിൽ നിന്നും റൊണാൾഡോയെ സ്വന്തമാക്കുമ്പോൾ താരം ചാമ്പ്യൻസ് ലീഗ് കിരീടം യുവന്റസിലെത്തിക്കുമെന്ന പ്രതീക്ഷ ഇവർക്കുമുണ്ടായിരുന്നു. എന്നാൽ മൂന്നു സീസണുകളിലും യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നു നേരത്തെ പുറത്തായതോടെ റൊണാൾഡൊക്കെതിരായ വിമർശനങ്ങളും ശക്തമായി. ഇതേത്തുടർന്നാണ് താരത്തെ സ്വന്തമാക്കിയ തീരുമാനം തെറ്റായിരുന്നോ എന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചത്.

"റൊണാൾഡോയെ ടീമിലെടുത്ത തീരുമാനം തെറ്റായിരുന്നു? ഒരിക്കലുമല്ല. ആവശ്യമെങ്കിൽ ഞാൻ നാളെയും അതു ചെയ്യാനൊരുക്കമാണ്. പിർലോയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. യുവതാരങ്ങളിലും ആദ്യത്തെ അവസരമാണെങ്കിൽ കൂടിയും യുവപരിശീലകരിലും നിക്ഷേപം നടത്തി സ്ഥിരതയുണ്ടാക്കാൻ കഴിഞ്ഞാൽ ടീമിന് വളർച്ചയിലെത്താൻ കഴിയും," ലാ റിപ്പബ്ലിക്കയോട് സംസാരിക്കുമ്പോൾ ആഗ്നല്ലി പറഞ്ഞു.

"ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഞങ്ങൾ ഇറ്റലിയിൽ എത്തിച്ചതിനു ശേഷം അദ്ദേഹത്തിന്റെ സാമീപ്യം മാത്രം മറ്റു ക്ലബുകൾക്ക് നാല് മില്യൺ യൂറോയാണ് നേടിക്കൊടുത്തത്. ചാമ്പ്യൻമാരായിട്ടുള്ള താരങ്ങളെ, യുവതാരങ്ങളായാലും മറ്റുള്ളവരായാലും ഇവിടെയെത്തിച്ച് ഫുട്ബോളിന് എല്ലാ തരത്തിലുമുള്ള വളർച്ചയുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്," ആഗ്നല്ലി വ്യക്തമാക്കി.

യുവന്റസിലെത്തിയതിനു ശേഷം 126 മത്സരങ്ങളിൽ നിന്നും 97 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോ എല്ലാ സീസണുകളിലും ടീമിന്റെ ടോപ് സ്‌കോറർ കൂടിയാണ്. എന്നാൽ ഈ സീസണിൽ യുവന്റസിന് സീരി എ കിരീടം കൂടി നഷ്ടമാകുമെന്ന സാഹചര്യത്തിലാണ് നിലവിലുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit