ബാഴ്‌സലോണ വിടാനില്ലെന്ന് ഡെസ്റ്റ്, ഫെറൻ ടോറസിന്റെ രജിസ്‌ട്രേഷൻ അനിശ്ചിതത്വത്തിൽ
By Sreejith N

ഡാനി ആൽവസിന്റെ വരവോടെ ബാഴ്‌സലോണയിൽ ബാക്ക് അപ്പ് റൈറ്റ് ബാക്കായി മാറിയെങ്കിലും ക്യാമ്പ് നൂ വിടുന്ന കാര്യം ആലോചിക്കുന്നില്ലെന്ന അമേരിക്കൻ താരത്തിന്റെ തീരുമാനം കാറ്റലൻ ക്ലബിനു തലവേദനയാകുന്നു. വിന്റർ ജാലകത്തിൽ ടീമിലെത്തിച്ച ഫെറൻ ടോറസിനെ രജിസ്റ്റർ ചെയ്യാൻ ഏതാനും താരങ്ങളെ ഒഴിവാക്കിയെ തീരു എന്നിരിക്കെയാണ് ഡെസ്റ്റിന്റെ തീരുമാനം.
താരത്തിന്റെ ഏജന്റായ മൈക്കൽ രേഷ്‌ക്കയാണ് ഡെസ്റ്റ് ബാഴ്‌സലോണ വിടുന്ന കാര്യം ആലോചിക്കുന്നില്ലെന്നു വ്യക്തമാക്കിയത്. "ഡെസ്റ്റിനു ക്ലബുകൾ മാറാൻ യാതൊരു താൽപര്യവുമില്ല. സമ്മറിൽ ബയേൺ മ്യൂണിക്കിലേക്കുള്ള ട്രാൻസ്‌ഫറിന്റെ കാര്യത്തിലും എനിക്ക് സംശയമാണ്." ജർമൻ മാധ്യമം ബിൽഡിനോട് ഏജന്റ് പറഞ്ഞത് മാർക്ക റിപ്പോർട്ട് ചെയ്‌തു.
ചെൽസിയാണ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ അമേരിക്കൻ താരത്തിനു വേണ്ടി സജീവമായി രംഗത്തുള്ളത്. റൈറ്റ് ബാക്കാണെങ്കിലും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിയുന്ന ഡെസ്റ്റിനെ ചിൽവെൽ പരിക്കേറ്റു പുറത്തുപോയ ഒഴിവിൽ ഉപയോഗിക്കാൻ കഴിയുമെന്നാണ് അവർ പ്രതീക്ഷിച്ചത്. എന്നാൽ താരത്തിന്റെ തീരുമാനം അവർക്കും തിരിച്ചടിയാണ്.
ബാഴ്‌സലോണ ഒഴിവാക്കാൻ ഉദ്ദേശിച്ച താരങ്ങളിൽ ഒരാളായ ഡെസ്റ്റിന്റെ തീരുമാനം ക്ലബിന് തലവേദന സൃഷ്ടിക്കുന്നതാണ്. ഫെറൻ ടോറസിനെ രജിസ്റ്റർ ചെയ്യാൻ വേണ്ടി ഒഴിവാക്കാൻ തീരുമാനിച്ച മറ്റൊരു താരമായ സാമുവൽ ഉംറ്റിറ്റിക്കും ക്ലബ് വിടാൻ താൽപര്യമില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.