ഉടമസ്ഥാവകാശം സ്വന്തമാക്കി മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് താരത്തിന്റെ പ്രതിനിധികൾ

Agents Deny Deal Between Messi And Inter Miami
Agents Deny Deal Between Messi And Inter Miami / ANNE-CHRISTINE POUJOULAT/GettyImages
facebooktwitterreddit

അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് 2023ൽ മെസി ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് താരത്തിന്റെ പ്രതിനിധികൾ. പിഎസ്‌ജിയുമായുള്ള തന്റെ കരാർ അവസാനിച്ചതിനു ശേഷം നിലവിൽ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബിന്റെ മുപ്പത്തിയഞ്ചു ശതമാനം ഓഹരികൾ സ്വന്തമാക്കി താരം അവിടേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് ഏജന്റ്സ് തള്ളിക്കളഞ്ഞത്.

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് തന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെയും ക്ലബിനൊപ്പം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ക്ലബുമായുള്ള കരാർ അവസാനിക്കുന്നതോടെ താരം ഫ്രാൻസ് വിടുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഉടമസ്ഥാവകാശം സ്വന്തമാക്കി താരം ഇന്റർ മിയാമിയിൽ എത്തുമെന്ന റിപ്പോർട്ടുകളും വന്നത്.

എന്നാൽ ഡയറക്ടിവി സ്പോർട്സിന്റെ അലെക്‌സ് കാൻഡൽ പുറത്തു വിട്ട റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം താരത്തിന്റെ പ്രതിനിധികൾ നിഷേധിക്കുകയായിരുന്നു. "അതു പൂർണമായും തെറ്റാണ്. ലിയോ തന്റെ ഭാവിയെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. മെസി ബെക്കാമിനൊപ്പം അടുത്തിടെ ഉണ്ടായത് ദോഹയിൽ വെച്ച് പിഎസ്‌ജി ടീമിനൊപ്പമാണ്. ഇംഗ്ലീഷ് മധ്യനിരതാരം അവിടെ ഖത്തർ ലോകകപ്പിന്റെ അംബാസിഡർ ചുമതലയിലാണ്." മെസിയുടെ പ്രതിനിധികളുടെ പ്രസ്‌താവന ലെ പാരീസിയൻ പുറത്തു വിട്ടു.

ഇപ്പോൾ ചേക്കേറാൻ സാധ്യതയില്ലെങ്കിലും മെസിയെപ്പോലൊരു താരത്തെ ടീമിന്റെ ഭാഗമാക്കേണ്ടത് ഇന്റർ മിയാമിയുടെ ആവശ്യമാണ്. 2020ൽ മത്സരങ്ങൾ കളിക്കാനാരംഭിച്ച ടീമിന് ഇതുവരെ 57 മത്സരങ്ങളിൽ 19 എണ്ണം മാത്രമേ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. വിജയങ്ങൾ നേടാൻ മികച്ച താരങ്ങൾ വേണം എന്നതിനൊപ്പം ടീമിന് കൂടുതൽ ആരാധകപിന്തുണ ലഭിക്കാനും മെസിയെപ്പോലൊരു കളിക്കാരന്റെ സാന്നിധ്യം സഹായിക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.