ജെറാർഡിന് മാഞ്ചസ്റ്റർ യുണൈറ്റഡിനോടുള്ള ശത്രുത ടുവാൻസബെ ആസ്റ്റൺ വില്ല വിടാൻ കാരണമായെന്നു കരുതുന്നതായി ഏജന്റ്

Aston Villa v Everton - Premier League
Aston Villa v Everton - Premier League / Marc Atkins/GettyImages
facebooktwitterreddit

സ്റ്റീവൻ ജെറാർഡ് പരിശീലകനായി എത്തിയതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ടുവാൻസബെക്ക് ആസ്റ്റൺ വില്ലക്കൊപ്പമുള്ള ലോൺ കരാർ ചുരുക്കി ജനുവരിയിൽ ക്ലബ് വിടേണ്ടി വന്നതെന്ന് താരത്തിന്റെ ഏജന്റും സഹോദരനുമായ ദിമിത്രി ടുവാൻസബെ. മുൻ ലിവർപൂൾ താരമായ സ്റ്റീവൻ ജെറാർഡിനു മാഞ്ചസ്റ്റർ യുണൈറ്റഡിനോടുള്ള ശത്രുത അതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ആസ്റ്റൺ വിലയിലേക്ക് 2018ൽ ലോണിൽ ചേക്കേറിയ ടുവാൻസബെയെ ജനുവരിയിലാണ് ബർമിംഗ്ഹാം ക്ലബ് ഒഴിവാക്കിയത്. ഇതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ താരം സീസണിന്റെ ബാക്കി ലോണിൽ ഇറ്റാലിയൻ ക്ലബായ നാപോളിയിലാണ് കളിക്കുക. ഇതേക്കുറിച്ച് സംസാരിക്കുമ്പോഴാണ് ദിമിത്രി ജെറാർഡ് താരത്തെ മനഃപൂർവം ഒഴിവാക്കിയതാണെന്ന സംശയം വെളിപ്പെടുത്തിയത്.

"ആക്സെലിന്റെ വില്ലയിലെ സമയത്തെ കുറിച്ച് എനിക്ക് സമ്മിശ്രമായ വികാരങ്ങളാണുള്ളത്. ക്ലബിന്റെ ചാമ്പ്യൻഷിപ്പ് വിജയത്തിൽ നിർണായകമായ സംഭാവന നൽകിയതിനാൽ തന്നെ താരത്തെ ആരാധകർക്ക് വളരെ ഇഷ്‌ടമായിരുന്നു. വില്ലയെ പ്രീമിയർ ലീഗിലേക്ക് തിരിച്ചു കൊണ്ടു വന്നതിൽ പ്രധാന പങ്കു വഹിച്ച താരമായിരുന്നു അദ്ദേഹം."

"എന്നാൽ സ്റ്റീവൻ ജെറാർഡ് ആസ്റ്റൺ വില്ല പരിശീലകനായി വന്നതിനു ശേഷം ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ശത്രുത അതിനിടയിൽ വന്നുവെന്നു കരുതുന്നു. ആ സംശയങ്ങൾ ഒഴിവാക്കിയാൽ വില്ലയിൽ തുടരാൻ ടുവാൻസുബെക്ക് താൽപര്യം ഉണ്ടായിരുന്നു. ആരാധകരെയും ആ നഗരത്തെയും താരം ഇഷ്‌ടപ്പെട്ടിരുന്നെങ്കിലും ആഗ്രഹിച്ച കരിയർ ഉണ്ടാക്കിയെടുക്കാൻ അവസരങ്ങൾ കൂടിയേ തീരുമായിരുന്നുള്ളൂ." ദിമിത്രി ഇഎസ്‌പിഎന്നിനോട് പറഞ്ഞത് ഗോൾ റിപ്പോർട്ടു ചെയ്‌തു.

നാപ്പോളിയിലേക്ക് ചേക്കേറിയ താരം കരിയറിൽ പുതിയൊരു അധ്യായം തുടങ്ങുന്നതിന്റെ ആവേശത്തിലാണെന്നും ദിമിത്രി വ്യക്തമാക്കി. ആസ്റ്റൺ വില്ലയിൽ ഫസ്റ്റ് ചോയ്‌സ് സെന്റർ ബാക്കാവാൻ കഴിയില്ലെന്നു വ്യക്തമായതോടെയാണ് ചരിത്രവും മികച്ച ആരാധകരുമുള്ള നാപ്പോളിയിലേക്ക് ചേക്കേറാനുള്ള തീരുമാനം താരം എടുത്തതെന്നും ദിമിത്രി പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.