മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്‌നം റൊണാൾഡോയാണ്, താരത്തെ ഒഴിവാക്കണമെന്ന് മുൻ പ്രീമിയർ ലീഗ് താരം
By Sreejith N

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രതിസന്ധികൾ അവസാനിച്ചിട്ടില്ലെന്നു തെളിയിച്ചതാണ് വോൾവ്‌സിനെതിരെ നടന്ന മത്സരത്തിൽ അവർ തോൽവി വഴങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകനായിറങ്ങിയ മത്സരം കൂടിയായിരുന്നു അത്. ഇതോടെ ഈ സീസണിൽ പ്രീമിയർ ലീഗ് ടോപ് ഫോർ പ്രതീക്ഷകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് കുറച്ചു കൂടി അകലെയായി മാറിയിട്ടുണ്ട്.
സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ റൊണാൾഡോയാണ് ഈ സീസണിൽ ക്ലബിന്റെ ടോപ് സ്‌കോറർ. എന്നാൽ റൊണാൾഡോക്ക് ടീമിൽ കൂടുതൽ പ്രാധാന്യം നൽകുന്നതും നായകസ്ഥാനം നൽകുന്നതുമടക്കം താരത്തിന്റെ സാന്നിധ്യം മാഞ്ചസ്റ്റർ യുണൈറ്റഡിൽ സങ്കീർണതകൾ സൃഷ്‌ടിക്കുന്നുണ്ടെന്നും അടുത്ത സമ്മറിൽ തന്നെ താരത്തെ ഒഴിവാക്കണമെന്നുമാണ് മുൻ ആസ്റ്റൺ വില്ല സ്‌ട്രൈക്കറായ ഗബ്രിയേൽ അഗബൊനാഹോർ പറയുന്നത്.
Man United should SELL Cristiano Ronaldo in the summer due to the 'tension' he's created in the Old Trafford dressing room, insists Gabby Agbonlahor https://t.co/GMoEfuahet
— MailOnline Sport (@MailSport) January 6, 2022
"റൊണാൾഡോ വരുന്നതിനു മുൻപ് ബ്രൂണോ ഫെർണാണ്ടസസ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരം. ഇപ്പോൾ റൊണാൾഡോയാണ് പ്രധാന താരം. റൊണാൾഡോയായിരുന്നു വോൾവ്‌സിനെതിരെ ടീമിന്റെ നായകൻ. റൊണാൾഡോ വരുന്നതിനു മുൻപ് ഹാരി മാഗ്വയർ കളിക്കാത്തപ്പോൾ ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു ടീമിന്റെ നായകൻ, എന്നാലിപ്പോൾ താരം ബെഞ്ചിലാണ്."
"ഇതെല്ലാം സങ്കീർണത സൃഷ്‌ടിക്കുന്ന കാര്യങ്ങളാണ്. മുഴുവൻ സാഹചര്യങ്ങളെയും നിങ്ങൾ പരിശോധിക്കുമ്പോൾ, ഒലെ ഗുണ്ണാർ സോൾഷെയറിനു മനസിലാകുന്നുണ്ടാകും റൊണാൾഡോയെ ടീമിലെത്തിച്ചത് വലിയൊരു തെറ്റായിപ്പോയെന്ന്, അതു വളരെ ലളിതമായി മനസിലാക്കാൻ കഴിയുന്ന കാര്യമാണ്." ടോക്ക്സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ഗബ്രിയേൽ പറഞ്ഞു.
"അതെ റൊണാൾഡോ ഗോളുകൾ നേടുന്നുണ്ട്, എന്നാൽ താരം നേടുന്ന ഗോളുകൾ ആ പൊസിഷനിൽ മേസൺ ഗ്രീൻവുഡിനും മാർക്കസ് റാഷ്‌ഫോഡിനും നേടാൻ കഴിയുന്നതാണ്. എന്നെ സംബന്ധിച്ചാണെങ്കിൽ ഞാൻ റൊണാൾഡോയെ സമ്മറിൽ തന്നെ പോകാൻ അനുവദിക്കും. ഗ്രീൻവുഡ്, സാഞ്ചോ, റാഷ്‌ഫോഡ് എന്നിവർ ഒരുമിച്ച് കളിക്കട്ടെ." ഗബ്രിയേൽ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.