Football in Malayalam

ആഫ്രിക്കൻ നാഷൻസ് കപ്പ് ഒഴിവാക്കാൻ സാധ്യത, ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ആശങ്കയൊഴിയും

Sreejith N
FBL-AFR-2019-MATCH52-SEN-ALG
FBL-AFR-2019-MATCH52-SEN-ALG / GIUSEPPE CACACE/GettyImages
facebooktwitterreddit

അടുത്ത വർഷം ജനുവരി ഒൻപതു മുതൽ ഫെബ്രുവരി ആറു വരെയുള്ള തീയതികളിൽ കാമറൂണിൽ വെച്ചു നടക്കാനിരിക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് ടൂർണമെന്റ് ഒഴിവാക്കപ്പെടാൻ സാധ്യത. ലോകമെമ്പാടും വീണ്ടും ഭീതി പരത്തുന്ന കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപനം കണക്കാക്കിയാണ് ഇങ്ങനൊരു തീരുമാനം എടുക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് ആർഎംസി സ്‌പോർട് റിപ്പോർട്ടു ചെയ്‌തു.

സൗത്ത് ആഫ്രിക്കയിൽ ആദ്യം റിപ്പോർട്ടു ചെയ്യപ്പെട്ട ഒമൈക്രോൺ വകഭേദം ഇപ്പോൾ ലോകത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അന്താരാഷ്‌ട്ര യാത്രകൾ നടത്തുന്ന ആളുകൾ വഴി ഇതു വ്യാപിക്കുന്ന സ്ഥിതിവിശേഷം നിലനിൽക്കെ രോഗം ആദ്യം റിപ്പോർട്ടു ചെയ്യപ്പെട്ട ഭൂഖണ്ഡത്തിൽ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ടൂർണമെന്റ് സംഘടിപ്പിക്കുന്നത് വെല്ലുവിളി സൃഷ്‌ടിക്കുന്ന കാര്യമാണ്.

ടൂർണ്ണമെന്റ് ഒഴിവാക്കിയാൽ അതിൽ ഏറ്റവുമധികം ആശ്വാസം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനായിരിക്കും. ഒരു മാസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ ടീമിലെ പ്രധാന താരങ്ങളായ സലാ, മാനെ എന്നിവർ പങ്കെടുക്കുന്നത് ഇതോടെ ഒഴിവായിക്കിട്ടുകയും അതവർക്ക് ലീഗ് കിരീടപ്പോരാട്ടത്തിനു കരുത്തു പകരുകയും ചെയ്യും. മാഞ്ചസ്റ്റർ സിറ്റിക്ക് അൾജീരിയൻ താരം റിയാദ് മഹ്‌റെസിനെയും സീസണിനിടയിൽ നഷ്ടമാകില്ല.

ആഫ്രിക്കൻ രാജ്യങ്ങളുടെ താരങ്ങൾ നിരവധി പേർ കളിക്കുന്ന ഫ്രഞ്ച് ലീഗിലെ ക്ളബുകൾക്കാണ് ടൂർണമെന്റ് ഒഴിവാക്കുന്നത് കൂടുതൽ പ്രയോജനപ്പെടുക. മോശം പ്രകടനം നടത്തുന്ന മെറ്റ്സിന്റെ ആദ്യ ഇലവനിൽ ഇറങ്ങുന്ന ഏഴു താരങ്ങളെയാണ് അവർക്ക് ടൂർണമെന്റിന്റെ ഭാഗമായി നഷ്‌ടമാവുക. റീയിംസിന് ആറു താരങ്ങളെയും നഷ്‌ടമാകും.

അതേസമയം ഈ വർഷത്തെ ടൂർണമെന്റ് ഒഴിവാക്കിയാൽ പിന്നീടത് നടത്താൻ യാതൊരു വിധത്തിലും സാധ്യതയില്ല. അടുത്ത വർഷം ലോകകപ്പ് നടക്കുമെന്നിരിക്കെ 2023ൽ ഐവറി കോസ്റ്റിൽ വെച്ചുള്ള അടുത്ത എഡിഷൻ ആഫ്രിക്കൻ നേഷൻസ് കപ്പാണ് നടക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit