എൺപത്തിയഞ്ചാം മിനുട്ടിൽ റഫറി ഫൈനൽ വിസിൽ മുഴക്കി, ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ നടന്നത് അസാധാരണ സംഭവങ്ങൾ

Tunisia v Mali - 2021 Africa Cup of Nations
Tunisia v Mali - 2021 Africa Cup of Nations / Anadolu Agency/GettyImages
facebooktwitterreddit

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് 2022ൽ ട്യുണീഷ്യയും മാലിയും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിനിടെ സംഭവിച്ചത് ഫുട്ബോളിൽ കേട്ടുകേൾവിയില്ലാത്ത അസാധാരണമായ കാര്യങ്ങൾ. മാലി എതിരില്ലാതെ ഒരു ഗോളിന്റെ വിജയം നേടിയ മത്സരത്തിൽ എൺപത്തിയഞ്ചാം മിനുട്ടിലാണ് സാംബിയൻ റഫറിയായ ജാനി സികാസ്വെ ഫൈനൽ വിസിൽ മുഴക്കിയത്. എന്നാൽ കാര്യങ്ങൾ അവിടം കൊണ്ടും തീരുന്നില്ലായിരുന്നു.

മത്സരത്തിന്റെ നാൽപത്തിയെട്ടാം മിനുട്ടിൽ ഇബ്രാഹിമോ കോണെ നേടിയ ഗോളിലാണ് മാലി മുന്നിലെത്തിയത്. അതിനു ശേഷം ലഭിച്ച ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയതിനു ശേഷം തിരിച്ചു വരാനുള്ള ശ്രമങ്ങൾ ടുണീഷ്യ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് എൺപത്തിയഞ്ചാം മിനുട്ടിൽ തന്നെ റഫറി ഫൈനൽ വിസിൽ മുഴക്കുന്നത്. ഇതോടെ ടുണീഷ്യൻ താരങ്ങളും സ്റ്റാഫുകളുമെല്ലാം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധം ശക്തമായതോടെ തന്റെ തെറ്റു മനസിലാക്കിയ റഫറി മത്സരം പുനരാരംഭിക്കാൻ തീരുമാനിച്ചു. എന്നാൽ അതിനു ശേഷം റഫറി ഫുൾ ടൈം വിസിൽ മുഴക്കിയത് എൺപത്തിയൊമ്പതാം മിനുട്ടിലാണ്. രണ്ടു തവണയും തൊണ്ണൂറു മിനുട്ട് പൂർത്തിയാക്കാൻ റഫറി അനുവദിക്കില്ലെന്നു സാരം. രണ്ടാം പകുതിയിൽ ഒരു കൂളിംഗ് ബ്രേക്കും നിരവധി പരിക്കുകളും റെഡ് കാർഡും വീഡിയോ റഫറിയുടെ പരിശോധനയും എല്ലാമുണ്ടായിട്ടും ഇഞ്ചുറി ടൈം പോലും അനുവദിക്കാതെയാണ് റഫറി തൊണ്ണൂറു മിനുട്ട് പൂർത്തിയാകും മുൻപ് കളിയവസാനിപ്പിച്ചത്.

മത്സരം വീണ്ടും കളിക്കാൻ റഫറി ടീമുകളോട് ആവശ്യപ്പെട്ടു എങ്കിലും ടുണീഷ്യ അതിനു വിസമ്മതിക്കുകയായിരുന്നു. ഇതോടെ മത്സരഫലം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മാലി വിജയിച്ചതു പോലെ ആകുമെന്നും അതല്ല, ട്യുണീഷ്യയെ ടൂർണമെന്റിൽ നിന്നും ഒഴിവാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിവാദറഫറിയെ സുരക്ഷാജീവനക്കാർ ചുറ്റും വളഞ്ഞു നിന്നു മൈതാനത്തു നിന്നും മാറ്റുന്ന കാഴ്‌ചയും അതിനിടെ കണ്ടു.

മത്സരത്തിടയിലും സികാസ്വെ വിവാദപരമായ തീരുമാനം എടുത്തിരുന്നു. മാലി താരമായ എൽ ബിലാൽ ടൂറെക്ക് എൺപത്തിയേഴാം മിനുട്ടിൽ ഒരു മഞ്ഞക്കാർഡ് മാത്രം അർഹിക്കുന്ന ഫൗളിന് നേരിട്ട് ചുവപ്പുകാർഡ് നൽകിയാണ് റഫറി പുറത്താക്കിയത്. ഈ തീരുമാനം പുനഃപരിശോധിക്കാൻ വീഡിയോ റഫറി ആവശ്യപ്പെട്ടെങ്കിലും തന്റെ തീരുമാനത്തിൽ സികാസ്വെ ഉറച്ചു നിൽക്കുകയായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.