എ.എഫ്.സി കപ്പ്: ഗോകുലം കേരളക്ക് തോല്‍വി

എ.എഫ്.സി കപ്പിലെ രണ്ടാം മത്സരത്തില്‍ ജയപ്രതീക്ഷയോടെ ഇറങ്ങിയ ഗോകുലത്തിന് തിരിച്ചടി. മാല്‍ഡീവ്സ് ക്ലബ് മസിയക്കെതിരേ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മലബാറിയന്‍സ് പരാജയപ്പെടുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ഗോകുലത്തിന്റെ താളം അല്പം തെറ്റിയെങ്കിലും പിന്നീട് ഗോകുലം കളിയിലേക്ക് തിരിച്ചുവന്നു മസിയയുടെ മുന്നേറ്റത്തിന് തടയിടാന്‍ തുടങ്ങി.
ഇടക്ക് മഴപെയ്തതോടെ മത്സരത്തിന്റെ വേഗത കുറഞ്ഞു. എങ്കിലും ലഭിക്കുന്ന അവസരത്തിലെല്ലാം ഗോകുലം മസിയയുടെ ഗോള്‍മുഖം അക്രമിച്ചുകൊണ്ടിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളൊന്നും സ്വന്തമാക്കിയില്ല. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ തേടിയിറങ്ങിയ ഗോകുലം മസിയയുടെ ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു.
എന്നാല്‍ മുന്നേറ്റങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. മത്സരം പുരോഗമിക്കുന്നതിനിടെ 50ാം മിനുട്ടില്‍ മസിയ ഗോള്‍ നേടി. കോര്മെലിയസ് സ്റ്റുവര്‍ട്ടാണ് മസിയക്ക് വേണ്ടി ഗോള്‍ നേടിയത്. ഒരു ഗോള്‍ വീണതോടെ ഗോകുലം ഉണര്‍ന്നു കളിച്ചു. സമനില ഗോളിനായി അവസാന വിസില്‍വരെ മലബാറിയന്‍സ് പൊരുതി നോക്കിയെങ്കിലും ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല. ഇതോടെ എതിരില്ലാത്ത ഒരു ഗോളിന് ഗോകുലം തോല്‍വി സമ്മതിച്ചു. രണ്ട് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പിലുള്ള എല്ലാവര്ക്കും മൂന്ന് പോയിന്റ് വീതമായി.
രണ്ട് മത്സരത്തില്‍ മൂന്ന് പോയിന്റുമായി ഗോകുലം ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍. 24ന് വൈകിട്ട് 4.30ന് ബംഗ്ലാദേശ് ബസുന്ധര കിങ്സിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. ഇത്തവണയും ആറു മലയാളി താരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു പരിശീലകന് അന്നീസെ ടീം പ്രഖ്യാപിച്ചത്. അലക്സ് സജി, മുഹമ്മദ് ഉവൈസ്, അബ്ദുല്‍ ഹക്കു, റിഷാദ്, എമില്‍ ബെന്നി, താഹില്‍ സമാന് എന്നിവരായിരുന്നു മലബാറിയന്സിന് വേണ്ടി ആദ്യ ഇലവനല്‍ കളിച്ച മലയാളി താരങ്ങള്‍.