Indian Football

എ.എഫ്.സി കപ്പ്: ഗോകുലം കേരള നാളെ മസിയക്കെതിരേ

Haroon Rasheed
Gokulam Kerala face Maziya in their next match
Gokulam Kerala face Maziya in their next match / Gokulam Kerala
facebooktwitterreddit

എ.എഫ്.സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഗോകുലം കേരള നാളെ മാല്‍ഡീവ്‌സ് ക്ലബായ മസിയയെ നേരിടും. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഐ.എസ്.എല്‍ ക്ലബായ എ.ടി.കെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയ മലബാറിയന്‍സ് വലിയ ആത്മവിശ്വാസത്തിലാണ്. 4-2 എന്ന സ്‌കോറിനായിരുന്നു ആദ്യ മത്സരത്തില്‍ ഗോകുലം കേരളയുടെ ജയം.

എ.ടി.കെക്കെതിരേയുള്ള ആദ്യ മത്സരത്തില്‍ ആറു മലയാളികളായിരുന്നു ഗോകുലത്തിനായി ആദ്യ ഇലവനില്‍ ഇറങ്ങിയത്. അബ്ദുല്‍ ഹക്കു, ജിതിന്‍, റിഷാദ്, എമില്‍ ബെന്നി, താഹിര്‍ സമാന്‍, ഉവൈസ് എന്നിവരായിരുന്നു ആദ്യ ഇലവനില്‍ കളിച്ച മലയാളി താരങ്ങള്‍. ഇതില്‍ റിഷാദ്, ജിതിന്‍ തുടങ്ങിയ മലയാളി താരങ്ങള്‍ ഓരോ ഗോള്‍വീതം ടീമിന് സംഭാവന നല്‍കുകയും ചെയ്തിരുന്നു.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്‌സിനെതിരേ പരാജയമേറ്റുവാങ്ങിയാണ് മസിയ വരുന്നത്. മസിയയെ തോല്‍പിച്ചതോടെ ബസുന്ധര കിങ്‌സിനും മൂന്ന്‌പോയിന്റുണ്ട്. എന്നാല്‍ ഗോകുലത്തിനും മൂന്ന് പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ മലബാറിയന്‍സാണ് ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

നാളെ രാത്രി 8.30ന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ തന്നെയാണ് രണ്ടാം മത്സരവും നടക്കുന്നത്. മുന്നേറ്റത്തില്‍ ഫ്ലെച്ചറും ലൂക്ക മജ്‌സനും മധ്യനിരയില്‍ ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദും, എമില്‍ ബെന്നി, ജിതിന്‍ എന്നിവരാണ് ഗോകുലത്തിന്റെ കരുത്ത്. പ്രതിരോധത്തില്‍ ശക്തമായ പ്രകടനവുമായി എതിര്‍ ടീമിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്ന കാമറൂൺ താരം അമിനോ ബൗബ, മുഹമ്മദ് ഉവൈസ് എന്നിവരും മികച്ച ഫോമിലാണ്. അതിനാല്‍ രണ്ടാം മത്സരത്തിലും ജയം തുടര്‍ന്ന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഗോകുലം കേരള.


facebooktwitterreddit