എ.എഫ്.സി ഏഷ്യൻ കപ്പ് ക്വാളിഫിക്കേഷൻ: ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെതിരെ

എ.എഫ്.സി കപ്പ് യോഗ്യത സ്വന്തമാക്കുന്നതിനായി ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. ഗ്രൂപ്പ് ഡിയിലെ ആദ്യ രണ്ട് മത്സരത്തിലും ജയിച്ച ഇന്ത്യ വിജയ പ്രതീക്ഷയിലാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യക്ക് എ.എഫ്.സി കപ്പിന് യോഗ്യത നേടാം.
മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വിയോ സമനിലയോ ആയാലും ഗ്രൂപ്പ് ചാംപ്യന്‍മാരായ ഹോങ്കോങ് യോഗ്യത സ്വന്തമാക്കും. എന്നാല്‍ വിവിധ ഗ്രൂപ്പുകളിലെ മികച്ച രണ്ടാം സ്ഥാനക്കാര്‍ക്കും യോഗ്യതക്കുള്ള അവസരമുള്ളതിനാല്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താല്‍ ഇന്ത്യയുടെ സാധ്യത തള്ളിക്കളയാനാകില്ല.
നേരത്തെ ഇന്ത്യയായിരുന്നു ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ കമ്പോഡിയക്കെതിരേ ഹോങ്കോങ് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം സ്വന്തമാക്കിയതോടെയായിരുന്നു ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമായത്. ആദ്യ മത്സരത്തില്‍ കമ്പോഡിയയെ 2-1 തകര്‍ത്ത ഇന്ത്യ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയും 2-1 എന്ന സ്‌കോറിനായിരുന്നു പരാജയപ്പെടുത്തിയത്.
രണ്ടാം മത്സരത്തില്‍ അഫ്ഗാനെതിരേ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മലയാളി താരം ആഷിഖ് കുരുണിയന്റെ പാസില്‍ നിന്ന് സഹല്‍ അബ്ദുല്‍ സമദായിരുന്നു ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്. അഫ്ഗാനിസ്ഥാനെതിരെ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ട ആഷിഖ് മത്സരത്തിന്റെ മുഴുവന്‍ സമയവും കളിച്ച് മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.
എന്നാല്‍ ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ സഹലായിരുന്നു ഇന്ത്യയുടെ വിജയശില്‍പിയായത്. രാത്രി 8.30ന് സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.