എ.എഫ്.സി കപ്പ് ക്വാളിഫിക്കേഷൻ: രണ്ടാം ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ

എ.എഫ്.സി കപ്പ് യോഗ്യതക്കായി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് കമ്പോഡിയയെ തകര്‍ത്ത ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ്. സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ഇന്ത്യ ഗ്രൂപ്പ് മത്സരത്തില്‍ ആദ്യ ജയം സ്വന്തമാക്കിയത്.
ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനോട് തോറ്റ അഫ്ഗാനിസ്ഥാന്‍ മൂന്നാം സ്ഥാനത്തും ഇന്ത്യ ഒന്നാം സ്ഥാനത്തുമാണ്. അതിനാല്‍ ആദ്യ ജയം തേടിയിറങ്ങുന്ന അഫ്ഗാനും ജയം തുടരാന്‍ ആഗ്രഹിച്ച് ഇന്ത്യയും ഇറങ്ങുമ്പോള്‍ സാള്‍ട്ട് ലേക്കില്‍ ഇന്ന് തീപാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം. ഇന്നത്തെ മത്സരത്തില്‍ കൂടുതല്‍ ഗോളുകള്‍ പ്രതീക്ഷിച്ചാണ് ഇന്ത്യ ഇറങ്ങുന്നതെന്ന് സ്റ്റിമാച്ച് മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മത്സരത്തില്‍ യുവതാരങ്ങള്‍ ഗോള്‍ നേടണമെന്ന് ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാച്ച് വ്യക്തമാക്കിയിരുന്നു. ഉദാന്ത സിങ്, മന്‍വീര്‍ സിങ്, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുല്‍ സമദ്, ലിസ്റ്റന്‍ കൊളാകോ എന്നിവരെല്ലാം ഗോളടിച്ചു തുടങ്ങണമെന്നും ഛേത്രി ഇല്ലാതെ കളിക്കാനും ടീം പഠിക്കണമെന്നും കമ്പോഡിയക്കെതിരേയുള്ള മത്സര ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്റ്റിമാച്ച് വ്യക്തമാക്കിയിരുന്നു.
പരുക്കിന്റെ പിടിയിലായിരുന്നു ഛേത്രി ഏറെ നാളത്തെ വിശ്രമത്തിന് ശേഷമായിരുന്നു ടീമില്‍ തിരിച്ചെത്തിയത്. കമ്പോഡിയക്കെതിരേ ഇരട്ട ഗോള്‍ നേടിയതോടെ രാജ്യത്തിനായി 82 ഗോളുകള്‍ സ്വന്തമാക്കാനും ഛേത്രിക്ക് കഴിഞ്ഞു. ഇന്ന് രാത്രി 7:30നാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ മത്സരം.
ജൂണ്‍ 14ന് ഹോങ്കോങ്ങിനെതിരയാണ് ഇന്ത്യയുടെ മൂന്നാം മത്സരം.