Football in Malayalam

റയലിനു ലാ ലിഗ കിരീടം നേടാനുള്ള സാധ്യതകൾ തുറന്ന് ബാഴ്‌സലോണയും അത്ലറ്റികോ മാഡ്രിഡും സമനിലയിൽ പിരിഞ്ഞു

Sreejith N
FC Barcelona v Atletico de Madrid - La Liga Santander
FC Barcelona v Atletico de Madrid - La Liga Santander / David Ramos/Getty Images
facebooktwitterreddit

ലാ ലീഗ കിരീടപ്പോരാട്ടത്തിൽ ഏറ്റവും നിർണായകമായ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡുമായി സ്വന്തം മൈതാനത്തു സമനില വഴങ്ങി ബാഴ്‌സലോണ. ആദ്യപകുതിയിൽ അത്ലറ്റികോ മാഡ്രിഡും രണ്ടാം പകുതിയിൽ ബാഴ്‌സയും ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ നിരവധി അവസരങ്ങൾ ഇരുവരും സൃഷ്ടിച്ചെങ്കിലും അത് മുതലെടുക്കാൻ കഴിയാത്തതിനാൽ ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ ബാഴ്‌സലോണക്കെതിരെ ആധിപത്യം സ്ഥാപിക്കാൻ അത്ലറ്റികോ മാഡ്രിഡിനു കഴിഞ്ഞിരുന്നു. കളി തുടങ്ങി പത്താം മിനുട്ടിൽ തന്നെ തോമസ് ലേമർ പരിക്കേറ്റു പുറത്തു പോയിട്ടും ബാഴ്‌സലോണയെ പ്രത്യാക്രമണങ്ങളിലൂടെ വിറപ്പിച്ച അത്ലറ്റികോ മാഡ്രിഡിന് ബുസ്‌ക്വസ്റ്റസ് പരിക്കേറ്റു പുറത്തു പോയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ബാഴ്‌സലോണ ബോക്‌സിലേക്ക് നിരന്തരം മുന്നേറ്റങ്ങൾ സംഘടിപ്പിച്ച അത്ലറ്റികോക്ക് മുന്നിൽ ടെർ സ്റ്റീഗനാണ് പ്രധാനമായും വിലങ്ങുതടിയായി നിന്നത്.

അതേസമയം പന്തടക്കം ഉണ്ടായിരുന്നെങ്കിലും അത്ലറ്റികോയുടെ പ്രതിരോധമികവ് മൂലം മത്സരത്തിന്റെ ആദ്യപകുതിയിൽ സുവർണാവസരങ്ങൾ സൃഷ്ടിക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞില്ല. നാലോളം അത്ലറ്റികോ മാഡ്രിഡ് താരങ്ങളെ മറികടന്ന മനോഹരമായൊരു സോളോ റണിനു ശേഷമുള്ള മെസിയുടെ ഷോട്ട് ഫുൾ ഡൈവിലൂടെ ഒബ്ലാക്ക് തടഞ്ഞിട്ടതു മാത്രമാണ് ആദ്യപകുതിയിൽ ബാഴ്‌സ സൃഷ്‌ടിച്ച മികച്ച അവസരം.

ഇരുടീമുകളും വിജയഗോളിനായി പൊരുതിയ രണ്ടാം പകുതി ആവേശകരമായിരുന്നു. ആദ്യ പകുതിക്കു വിരുദ്ധമായി ബാഴ്‌സലോണയാണ് രണ്ടാം പകുതിയിൽ മുന്നിട്ടു നിന്നത്. നിരവധി അവസരങ്ങൾ ടീം സൃഷ്ടിച്ചെടുത്തെങ്കിലും മുതലെടുക്കാൻ താരങ്ങൾക്ക് കഴിഞ്ഞില്ല. മറുവശത്തു അത്ലറ്റികോയും പലതവണ ബാഴ്‌സ ഗോൾമുഖത്ത് ഭീഷണി വിതച്ചെങ്കിലും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു,

മത്സരത്തിൽ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞതോടെ റയലിനു കിരീടം നേടാനുള്ള സാധ്യത വർധിച്ചു. അടുത്ത മത്സരത്തിൽ വിജയം നേടിയാൽ അത്ലറ്റികോ മാഡ്രിഡിനെ മറികടന്ന് ഒന്നാമതെത്താനും ഇനി ബാക്കിയുള്ള നാലു മത്സരങ്ങൾ വിജയിച്ചാൽ ലാ ലിഗ കിരീടം നേടാനും റയൽ മാഡ്രിഡിനു കഴിയും. റയൽ പോയിന്റ് നഷ്ടപ്പെടുത്തിയാൽ മാത്രമേ മൂന്നു മത്സരം ബാക്കിയുള്ള ബാഴ്‌സക്കും അത്ലറ്റികോക്കും ഇനി സാധ്യതയുളളൂ.

നിലവിൽ 35 മത്സരങ്ങളിൽ നിന്നും 77 പോയിന്റുമായി അത്ലറ്റികോ ഒന്നാമതും 75 പോയിന്റുമായി ബാഴ്‌സ രണ്ടാമതുമാണ്. 34 മത്സരങ്ങൾ കളിച്ച് 74ഉം 70ഉം പോയിന്റുമായി റയൽ മാഡ്രിഡ് മൂന്നാമതും സെവിയ്യ നാലാമതും പോയിന്റ് ടേബിളിൽ നിൽക്കുമ്പോൾ ഇനി മുഴുവൻ വിജയങ്ങൾ നേടിയാൽ റയലിനു മുൻ‌തൂക്കം നൽകുക ബാഴ്‌സക്കെതിരെയും അത്ലറ്റികോക്കെതിരെയും നേടിയ ലീഗ് വിജയങ്ങളാണ്. അതേസമയം റയലിന്റെ അടുത്ത മത്സരം സെവിയ്യയോടാണെന്ന് ബാഴ്‌സക്കും അത്ലറ്റികോക്കും പ്രതീക്ഷ നൽകുന്നു.


facebooktwitterreddit