Football in Malayalam

പെപ് ഗ്വാർഡിയോളയും മെസിയും ബാഴ്‌സലോണയിൽ ഒരുമിക്കുന്നതിനെ സ്വാഗതം ചെയ്‌ത്‌ അഡ്രിയാനോ

Sreejith N
Barcelona's coach Pep Guardiola (R) talk
Barcelona's coach Pep Guardiola (R) talk / LLUIS GENE/Getty Images
facebooktwitterreddit

ലയണൽ മെസിയും പെപ് ഗ്വാർഡിയോളയും ബാഴ്‌സലോണയിൽ വീണ്ടും ഒരുമിക്കുകയെന്നത് തന്റെ സ്വപ്‌നമാണെന്നും അതു നടക്കാനുള്ള സാധ്യതകളെ സ്വാഗതം ചെയ്യുന്നുവെന്നും ബ്രസീലിയൻ താരം അഡ്രിയാനോ. ഈ സീസണോടെ ബാഴ്‌സലോണ കരാർ അവസാനിക്കുന്ന ലയണൽ മെസി ഇതുവരെയും കോൺട്രാക്‌ട് പുതുക്കിയിട്ടില്ല. മെസി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തോട് ബാഴ്‌സയിൽ തുടരാനും അഡ്രിയാനോ ആവശ്യപ്പെട്ടു.

"എനിക്കു മെസിയെക്കുറിച്ച് ഒന്നുമറിയില്ല. ആകെയറിയാവുന്നത് താരത്തിന് ഏതാനും മത്സരങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂവെന്നാണ്. വേറെയൊന്നും എനിക്കറിയില്ലെങ്കിലും മെസി ടീമിനൊപ്പം തുടരുമെന്ന് ഞാൻ കരുതുന്നു," ആർഎസി വണിനോട് സംസാരിക്കുമ്പോൾ ബാഴ്‌സലോണയ്ക്ക് വേണ്ടി 2010 മുതൽ 2016 വരെ കളിച്ച് നിരവധി നേട്ടങ്ങളിൽ പങ്കാളിയായിട്ടുള്ള അഡ്രിയാനോ പറഞ്ഞു.

"പെപ് ഗ്വാർഡിയോള ബാഴ്‌സയിലേക്ക് തിരിച്ചെത്തുകയെന്നത് ഒരു സ്വപ്‌നമാണ്. ആരാധകരും ക്ലബിലുള്ളവരുമെല്ലാം അതാഗ്രഹിക്കുന്നു. പെപ് ടീം വിടുമ്പോൾ അദ്ദേഹത്തിന് മാറ്റങ്ങൾ ആവശ്യമായിരുന്നു, പുതിയ കാര്യങ്ങൾ ശ്രമിച്ചു നോക്കുകയും വേണമായിരുന്നു. എന്നാലിപ്പോൾ അദ്ദേഹത്തിന് മുന്നിൽ ബാഴ്‌സയുടെ വാതിലുകൾ തുറന്നു കിടക്കുകയാണെന്ന് കാര്യത്തിൽ സംശയമില്ല."

ലോക ഫുട്ബോളിൽ തനിക്കു ലഭിച്ച ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ഗ്വാർഡിയോള ടീമിലേക്ക് തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നതായും അഡ്രിയാനോ പറഞ്ഞു. അതേസമയം നെയ്‌മർ ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയത് ഉചിതമായോ എന്നറിയില്ലെങ്കിലും മെസിയും ബ്രസീലിയൻ താരവും വീണ്ടും ഒരുമിക്കാതിരിക്കുന്നത് നാണക്കേടാണെന്നും അഡ്രിയാനോ പറഞ്ഞു.

മെസിയും നെയ്‌മറും സുവാരസുമടങ്ങിയ മുന്നേറ്റനിരക്കെതിരെ ഒരു പ്രതിരോധതാരമെന്ന നിലയിൽ താനൊരിക്കലും കളിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും കണ്ടതിൽ വെച്ചേറ്റവും മികച്ച മുന്നേറ്റനിര ത്രയമായിരുന്നു അവരെന്നും അഡ്രിയാനോ പറഞ്ഞു. ഈ താരങ്ങൾ തമ്മിലുള്ള വ്യക്തിപരമായ ബന്ധം കൂടി അവരുടെ പ്രകടനത്തെ മികച്ചതാക്കുന്നുവെന്നും മുൻ ബ്രസീലിയൻ താരം അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit