മെസിയെ പരിക്കേൽപ്പിച്ചതിനു വിചിത്രമായ ക്ഷമാപണവുമായി വെനസ്വല താരം


ലോകകപ്പ് യോഗ്യത മത്സരത്തിനിടെ അർജന്റീനിയൻ നായകനായ ലയണൽ മെസിയെ ചവുട്ടി പരിക്കേൽപ്പിച്ചതിന് വിചിത്രമായ ക്ഷമാപനവുമായി വെനസ്വല താരമായ അഡ്രിയാൻ മാർട്ടിനസ്. രണ്ടു ദിവസം മുൻപു നടന്ന മത്സരത്തിന്റെ മുപ്പതാം മിനുട്ടിലാണ് അഡ്രിയാൻ മാർട്ടിനസ് മെസിയെ ഗുരുതരമായ രീതിയിൽ ഫൗൾ ചെയ്ത് പരിക്കേൽപ്പിച്ചത്. താരത്തിന് ചുവപ്പു കാർഡ് ലഭിക്കുകയും ചെയ്തിരുന്നു.
അതേസമയം തന്റെ പ്രവൃത്തിക്ക് താരം കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയപ്പോൾ അതിൽ മെസിയെ പരാമർശിച്ചിട്ടില്ല. ട്വിറ്ററിലൂടെ തന്റെ സഹതാരങ്ങളോടും കോച്ചിങ് സ്റ്റാഫിനോടും വെനസ്വലയിലെ ജനങ്ങളോടും അഡ്രിയാൻ മാർട്ടിനസ് മാപ്പു പറഞ്ഞെങ്കിലും അതിലെവിടെയും കാലിൽ ചോരയൊലിപ്പിച്ചു മത്സരം പൂർത്തിയാക്കേണ്ടി വന്ന മെസിയോടുള്ള ക്ഷമാപണം ഇല്ലായിരുന്നു.
"ഇന്നത്തെ ദിവസം എനിക്കു പറയാൻ ഒന്നുമില്ല. ഒരു സഹതാരത്തെ ശാരീരികമായി വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കില്ലെന്ന് എന്നെ അറിയുന്നവർക്കെല്ലാം അറിയാം. എന്റെ സഹതാരങ്ങളോടും കോച്ചിങ് സ്റ്റാഫിനോടും വെനസ്വലയിലെ ജനങ്ങളോടും ഞാൻ നന്ദി പറയുന്നു. ഞാനെന്റെ രാജ്യത്തെ സ്നേഹിക്കുന്നു, ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു." ട്വിറ്ററിൽ മാർട്ടിനസ് കുറിച്ചു.
മെസിക്കെതിരായ ഫൗളിന് ചുവപ്പുകാർഡ് ലഭിച്ച മാർട്ടിനസ് എൺപതു മത്സരത്തിനിടെ ആറാമത്തെ ചുവപ്പു കാർഡാണ് നേടുന്നത്. പരിക്കു പറ്റിയെങ്കിലും ലയണൽ മെസി മത്സരം പൂർത്തിയാക്കിയപ്പോൾ അർജന്റീന ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയവും സ്വന്തമാക്കിയിരുന്നു.
മാർട്ടിനസിന്റെ ഗുരുതരമായ ഫൗളിൽ പരിക്കേറ്റ ലയണൽ മെസിക്ക് ബ്രസീലിനെതിരായ മത്സരം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം കളിക്കുമെന്നാണ് നിലവിലെ സൂചനകൾ. ഇന്നു രാത്രി 12.30നാണ് ലാറ്റിനമേരിക്കയിലെ കരുത്തരായ രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്.