പിറക്കാതെ പോയ ലൂണയുടെ മാന്ത്രിക ഗോള്‍ തിലക് മൈതാനിയില്‍ പിറന്നപ്പോള്‍...

സെമി ഫൈനലില്‍ ജംഷഡ്പുര്‍ എഫ്.സിയെ തോല്‍പിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐ എസ് എൽ സീസൺ എട്ടിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍. രണ്ടാം പാദ മത്സരത്തില്‍ 1-1 എന്ന സ്‌കോറിന് സമനിലയില്‍ തളച്ചതോടെയാണ് മഞ്ഞപ്പട ഫൈനല്‍ ഉറപ്പിച്ചത്. ആദ്യ പാദത്തിൽ 1-0ത്തിന്റെ വിജയം കരസ്ഥമാക്കിയിരുന്ന ബ്ലാസ്റ്റേഴ്‌സ് 2-1 എന്ന അഗ്രഗേറ്റിനാണ് ഫൈനലിലേക്ക് മുന്നേറിയത്.
ജംഷഡ്പുര്‍ എഫ്.സിക്കെതിരേയുള്ള രണ്ട് പാദ സെമി ഫൈനല്‍ പോരാട്ടത്തിലും അഡ്രിയാന്‍ ലൂണയെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. ആദ്യ പാദത്തില്‍ ലൂണയുടെ നഷ്ടപ്പെട്ട ഗോളിനെ കുറിച്ച് സംസാരിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ ലൂണയിലൂടെ പിറന്ന ഗോളിനെ കുറിച്ചാണ് സംസാരം.
രണ്ടാം പാദ മത്സരത്തിന്റെ 18ാം മിനുട്ടിലായിരുന്നു അഡ്രിയാന്‍ ലൂണയുടെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് സ്വന്തമാക്കിയത്. എന്നാല്‍ 50ാം മിനുട്ടില്‍ പ്രണോയ് ഹാള്‍ഡറിലൂടെ ജംഷഡ്പുര്‍ ഗോള്‍ തിരിച്ചടിച്ചെങ്കിലും ആദ്യ പാദത്തിലെ സഹലിന്റെ ഗോളായിരുന്നു കൊമ്പന്മാർക്ക് കരുത്തായത്.
ആദ്യ പാദ സെമി ഫൈനലില്‍ നഷ്ടമായ ലൂണയുടെ ഗോള്‍ രണ്ടാം പാദത്തിന്റെ നിര്‍ണായകമായ സമയത്തായിരുന്നു പിറന്നത്. അതിനാല്‍ നഷ്ടപ്പെട്ട ഫ്രീ കിക്ക് ഗോളിനേക്കാള്‍ മൊഞ്ചുള്ള ഗോളായിരുന്നു ലൂണയുടെ കാലില്‍ നിന്ന് തിലക് മൈതാനിയില്‍ നിന്ന് പിറന്നത്. ജംഷഡ്പുരിനെതിരേയുള്ള ആദ്യ പാദത്തിന്റെ 58ാം മിനുട്ടിലായിരുന്നു മഴവില്ലഴകുള്ള ലൂണയുടെ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി മടങ്ങിയത്. എന്നാല്‍ ആദ്യ പാദത്തിലെ നഷ്ടത്തിന് അതിനോളം വരുന്ന ഗോളായിരുന്നു ലൂണ മഞ്ഞപ്പടക്ക് സമ്മാനമായി നല്‍കിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.