Football in Malayalam

ഡ്യൂറൻഡ് കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വിദേശ താരങ്ങളായ ലൂണയും സിപോവിച്ചും കളിച്ചേക്കും

Gokul Manthara
FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/Getty Images
facebooktwitterreddit

അടുത്ത മാസം നടക്കാനിരിക്കുന്ന ഡ്യൂറൻഡ് കപ്പിൽ, ലഭ്യമായതിൽ വെച്ച് തങ്ങളുടെ ഏറ്റവും കരുത്തുറ്റ ടീമിനെത്തന്നെയാകും കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കുകയെന്ന് സൂചന. ടീമിലെ വിദേശ താരങ്ങളായ അഡ്രിയാൻ ലൂണയും, എനസ് സിപ്പോവിച്ചും ഈ ടൂർണമെന്റിനിറങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ ഇന്ന് പുറത്ത് വന്നതോടെയാണ് ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ചാണ്‌ ഡ്യൂറൻഡ് കപ്പിന് തയ്യാറെടുക്കുന്നതെന്ന് വ്യക്തമായത്. ക്ലബ്ബിന്റെ ആരാധകർക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

നിലവിൽ പ്രീസീസൺ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ബ്ലാസ്റ്റേഴ്സ്, ടീമിന്റെ ആദ്യ ഘട്ട ക്യാമ്പിന് ശേഷം ഡ്യൂറൻഡ് കപ്പിനായി കൊൽക്കത്തക്ക് തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ ടൂർണമെന്റിൽ ടീമിലെ വിദേശ താരങ്ങൾ ലഭ്യമാകുമോ എന്നത് സംബന്ധിച്ച് നേരത്തെ സൂചനകളൊന്നുമുണ്ടായിരുന്നില്ല.

എന്നാൽ ബ്ലാസ്റ്റേഴ്സ് ഇക്കുറി സ്വന്തമാക്കിയ ബോസ്നിയൻ പ്രതിരോധ താരം എനസ് സിപോവിച്ചും, ഉറുഗ്വെൻ മധ്യനിര താരം അഡ്രിയാൻ ലൂണയും ടീമിനൊപ്പം പരിശീലനം ആരംഭിച്ചെന്നും, മുഴുനീള പരിശീലനം തുടങ്ങിയ ഇരുവരും ഡ്യൂറൻഡ് കപ്പിന് ലഭ്യമാകുമെന്നും പ്രശസ്ത‌ സ്പോർട്സ് ജേണലിസ്റ്റ് മാർക്കസ് മെർഗുലാവോ ഇന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കുകയായിരുന്നു. ഇതോടെ ഇരു താരങ്ങളും ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറൻഡ് കപ്പ് സ്ക്വാഡിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാവുകയായിരുന്നു‌‌‌.

അതേ സമയം അഞ്ച് ഐ എസ് എൽ ക്ലബ്ബുകളും, മൂന്ന് ഐലീഗ് ക്ലബ്ബുകളുമടക്കം മൊത്തം 16 ടീമുകളാണ് ഈ വർഷം നടക്കാനിരിക്കുന്ന‌ ഡ്യൂറൻഡ് കപ്പിന്റെ 130-ംപതിപ്പിൽ കളിക്കുന്നത്. സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 3 വരെ നടക്കാനിരിക്കുന്ന ടൂർണമെന്റിൽ ബെംഗളൂരു എഫ് സി, ഡെൽഹി എഫ് സി, ഇന്ത്യൻ എഫ് സി എന്നിവരടങ്ങുന്ന ഗ്രൂപ്പ്‌ 'സി' യിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. ബ്ലാസ്റ്റേഴ്സിനും, ബെംഗളൂരു എഫ് സിക്കും പുറമേ എഫ് സി ഗോവ, ജംഷദ്പൂർ എഫ് സി, ഹൈദരാബാദ് എഫ് സി എന്നീ ക്ലബ്ബുകളാണ് ഐ എസ് എല്ലിൽ നിന്ന് ഡ്യൂറൻഡ് കപ്പിനുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit