ലാറ്റിനമേരിക്കൻ താരങ്ങളുടെ അവഗണന, പിഎസ്ജി വിടാനൊരുങ്ങി ഹക്കിമി


കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലേക്ക് നിരവധി സൂപ്പർതാരങ്ങളെ എത്തിച്ചെങ്കിലും പിഎസ്ജി സീസണിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. നിലവിൽ ഫ്രഞ്ച് ലീഗിൽ വളരെ മുന്നിലാണെങ്കിലും ലീഗ് കിരീടം നേടിയാൽ പോലും ഈ സീസൺ പിഎസ്ജിയെ സംബന്ധിച്ച് വിജയമാണെന്നു കരുതാൻ കഴിയില്ല. അത്രയും മികച്ച താരങ്ങളാണ് ടീമിലുള്ളത് എന്നതു തന്നെയാണ് അതിനു കാരണം.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിൽ എത്തിയ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു അഷ്റഫ് ഹക്കിമി. ഇന്റർ മിലാന് സീരി എ സ്വന്തമാക്കി നൽകിയതിനു ശേഷം 67 മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ പിഎസ്ജിയിൽ എത്തിയ താരം പക്ഷെ ആദ്യ സീസൺ കഴിയുമ്പോൾ ഫ്രഞ്ച് ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Achraf Hakimi is going crazy.
— Footy Accumulators (@FootyAccums) March 24, 2022
The South Americans won't talk to him anymore. He wants to leave PSG.
[Daniel Riolo]
Could we see him in the Premier League next season? ? pic.twitter.com/uWr2uftZsG
ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിന്റെ ജേർണലിസ്റ്റായ ഡാനിയൽ റിയോളോ പറയുന്നതു പ്രകാരം മൊറോക്കൻ താരത്തിന് പിഎസ്ജിയിൽ സംതൃപ്തനാവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പിഎസ്ജിയിലിലുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, അർജന്റീന മുതലായവയിൽ നിന്നുള്ള കളിക്കാർ ഹക്കിമിയോട് സംസാരിക്കുക പോലുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
സ്ക്വാഡിനുള്ളിൽ ഒത്തിണങ്ങി പോകാത്തതിനാൽ തന്നെ ഈ സീസണിൽ ഹക്കിമിയുടെ പ്രകടനവും സമ്മിശ്രമായ രീതിയിൽ ആയിരുന്നു. എന്നാൽ ഇരുപത്തിമൂന്നു വയസായ താരത്തിന് ഇനിയും മെച്ചപ്പെടാൻ കഴിയുമെന്നതും 2026 വരെ കരാർ നിലവിലുണ്ടെന്നതും മുൻനിർത്തി ഹക്കിമിയെ പിഎസ്ജി നിലനിർത്താൻ തന്നെയാണ് സാധ്യത.
പിഎസ്ജിയുടെ പരിശീലകൻ മാറിയാൽ ഹക്കിമിയുടെ പദ്ധതി മാറാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പോച്ചട്ടിനോ മാറിയാൽ അടുത്ത സീസണിൽ പുതിയൊരു തുടക്കം കുറിക്കാമെന്ന പ്രതീക്ഷ താരത്തിനുണ്ട്. ഇനി പിഎസ്ജി ഹക്കിമിയെ വിൽക്കാൻ തയ്യാറായാൽ തന്നെ യൂറോപ്പിലെ നിരവധി വമ്പൻ ക്ലബുകൾ താരത്തിനായി രംഗത്തുണ്ടാകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.